ദുബൈ: സായിദിെൻറയും ദാനനന്മയുടെയും സഹിഷ്ണുതയുടെയും മഹാദേശമായ യു.എ.ഇ രൂപമെടുത്തതിെൻറ സുവർണ ജൂബിലി ആഘോഷ ഒരുക്ക വർഷമായി 2020നെ പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാനുമാണ് പ്രഖ്യാപനം നടത്തിയത്.
2021ൽ രാഷ്ട്രം സുവർണ ജൂബിലിയിേലക്ക് പ്രവേശിക്കവെ പുത്തൻ തുടക്കങ്ങൾ ആവശ്യമാണെന്ന് രാജ്യത്തെ ജനങ്ങളെ സഹോദരീ സഹോദരന്മാരേ എന്നു സംബോധന ചെയ്തു നടത്തിയ ട്വീറ്റിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ഒാർമപ്പെടുത്തുന്നു. രാഷ്ട്രം 50ാം വാർഷികം ആഘോഷിക്കുന്നതിനൊപ്പം അടുത്ത 50ലേക്ക് പ്രവേശിക്കുകയുമാണ്. 50 വർഷം മുമ്പ് നാടിെൻറ സ്ഥാപക പിതാക്കന്മാർ നമ്മുടെ ഇന്നത്തെ ജീവിതം രൂപകൽപന ചെയ്തതുപോലെ വരുംതലമുറയുടെ അടുത്ത 50 വർഷങ്ങൾക്കായി നാം പദ്ധതികൾ ആസൂത്രണം ചെയ്യണം.
സാമ്പത്തികം, വിദ്യാഭ്യാസം, പശ്ചാത്തലസൗകര്യ വികസനം, ആരോഗ്യമേഖല, മാധ്യമരംഗം എന്നിവയിൽ മഹത്തായ മുന്നേറ്റങ്ങൾക്കുള്ള വർഷമാവും 2020. യു.എ.ഇയുടെ ഗാഥ നാം ലോകത്തോടു പറയും. സായിദിെൻറ, ഒരുമയുടെ, സ്നേഹത്തിെൻറ വീര്യത്തോടെ ഉന്നതിയിലേക്ക് കുതിക്കും. രാജ്യത്തിെൻറ എല്ലാ മേഖലകളിലുമുള്ള ഇമറാത്തികളും, താമസക്കാരും ഒന്നിച്ചു പ്രയത്നിക്കും, നമ്മളൊന്നിച്ചാൽ നമുക്കു സമവാക്യങ്ങളെ മാറ്റിയെഴുതാൻ കഴിയും. പ്രതീക്ഷകൾ ഉയർത്താൻ സാധിക്കും. നമ്മുടെ സ്ഥാപക പിതാക്കളും അവരുടെ സഹചരരും പുതിയ ജീവൻ കെട്ടിപ്പടുക്കാൻ ഒരുക്കം നടത്തിയ 1970ന് സമാനമായ സാഹചര്യമാവണം 2020ൽ ഇൗ രാഷ്ട്രത്തിന്.
യു.എ.ഇക്ക് ഒരുക്കം നടന്ന 1970ൽ ഞാനുണ്ടായിരുന്നു. അടുത്ത 50 വർഷങ്ങൾ രൂപകൽപന ചെയ്യുന്ന 2020ലും ഒപ്പമുണ്ടാവും. അടുത്ത 50 വർഷങ്ങൾക്കുള്ള പദ്ധതികൾ വികസിപ്പിക്കാൻ ശൈഖ് മൻസൂർ ബിൻ സായിദിെൻറ അധ്യക്ഷതയിൽ ഒരു സമിതിയും സുവർണ ജൂബിലി ആഘോഷ പരിപാടികൾ ആവിഷ്കരിക്കാൻ ശൈഖ് അബ്ദുല്ല ബിൻ സായിദും ശൈഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദും ഉൾക്കൊള്ളുന്ന മറ്റൊരു സമിതിയും പ്രവർത്തിക്കും. ഭാവിയെക്കുറിച്ച് ശുഭവിശ്വാസമാണെന്നും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.