ഗ്ലോബൽ വില്ലേജ് കാഴ്ച
ദുബൈ: നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 29ാം സീസൺ ഞായറാഴ്ച അവസാനിക്കും. കഴിഞ്ഞ ആഴ്ച അവസാനിക്കേണ്ട സീസൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു. സമാപനത്തോട് അനുബന്ധിച്ച് ഞായറാഴ്ച കരിമരുന്ന് പ്രയോഗം ആസ്വദിക്കാനുള്ള അവസരം സന്ദർശകർക്ക് ലഭിക്കും.
വിപുലമായ സംവിധാനങ്ങളോടെ നടന്ന ഇത്തവണത്തെ സീസണിൽ 3500ലേറെ ഷോപ്പിങ് ഔട്ലെറ്റുകൾ, 250ലേറെ ഭക്ഷണ ശാലകൾ, കാർണിവൽ, എക്സ്പോ പ്ലാനറ്റ് സിറ്റി, നിയോൺ ഗാലക്സി എക്സ് ചാലഞ്ച് സോൺ എന്നിവിടങ്ങളിലായി 200ലേറെ റൈഡുകളും ഗെയിമുകളും എന്നിവ ഒരുക്കിയിരുന്നു.
12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഗ്ലോബൽ വില്ലേജിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു. സമാപന ദിനത്തിൽ രാത്രി ഒരു മണിവരെ സന്ദർശന സമയമുണ്ടാകും.
2024 ഒക്ടോബർ 16ന് ആരംഭിച്ച സീസൺ 29ൽ ഇതിനകം ലക്ഷക്കണക്കിന് സന്ദർശകർ എത്തിയതായാണ് കണക്കാക്കുന്നത്. 1997ൽ ഒരു റീട്ടെയിൽ കിയോസ്ക് ക്ലസ്റ്ററായി ആരംഭിച്ച ഗ്ലോബൽ വില്ലേജ് ദുബൈയിലെ മുൻനിര സീസണൽ ആകർഷണങ്ങളിലൊന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഈ സീസണിൽ 30 പവലിയനുകളിലായി വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രദർശനങ്ങളും പരിപാടികളും ഒരുക്കിയിരുന്നു. ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയനിലും ആയിരക്കണക്കിന് സന്ദർശകരാണ് ഇത്തവണ എത്തിയത്. അടുത്ത സീസൺ ഈ വർഷം ഒക്ടോബറിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.