ഡോ. ആസാദ് മൂപ്പൻ
ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ
സ്ഥാപക ചെയർമാൻ
ലോകമൊട്ടുക്കുമുള്ള നഴ്സുമാരുടെ സേവന കഥകൾ പുറംലോകത്തെത്തിക്കാൻ കൊതിച്ച ആസ്റ്റർ ഡി.എം ഹെൽ ത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനാണ് ഈ പദ്ധതിക്കു പിന്നിലെ ധിഷണാശാലി
നഴ്സുമാർ ആരോഗ്യ പരിചരണരംഗത്തെ വാഴ്ത്തപ്പെടാത്ത ഹീറോകളാണ്. രോഗികൾക്കും, വിശാലാർഥത്തിൽ സമൂഹത്തിനും തങ്ങളുടെ ജീവിതം സമർപ്പിക്കുന്നവർ. പലപ്പോഴും വെല്ലുവിളി നിറഞ്ഞ, കടുത്ത സമ്മർദപൂർണമായ സാഹചര്യങ്ങളിൽ ജോലിയെടുക്കുന്നവരാണവർ. ആരോഗ്യ പരിചരണത്തിന്റെ നട്ടെല്ലായി വർത്തിക്കുന്ന നഴ്സുമാർ മൊത്തം ആഗോള ആരോഗ്യപരിചരണ ജീവനക്കാരുടെ 60 ശതമാനം വരും.
എന്നിട്ടും, ലോകത്ത് ഗുരുതരമായ ആൾക്ഷാമം ഈ രംഗത്ത് നാം നേരിടുന്നുണ്ട്. 2030 ആകുമ്പോഴേക്ക് 45 ലക്ഷം നഴ്സുമാരുടെ കുറവുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഈ വിടവ് തിരിച്ചറിഞ്ഞും പ്രഫഷനെന്ന നിലക്ക് നഴ്സിങ്ങിൽ വിശ്വാസം പുനഃസ്ഥാപിക്കാനും ഒപ്പം, നഴ്സിങ് രംഗത്തുള്ളവർ ആരോഗ്യസേവനത്തിനായി നൽകുന്ന മഹത്തായ സേവനങ്ങൾ ലോകത്തെ അറിയിക്കാനുമായാണ് ഞങ്ങൾ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2022ലെ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ ഏർപ്പെടുത്തുന്നത്. കോവിഡ് മഹാമാരി നഴ്സിങ് രംഗത്തെ വെല്ലുവിളി തീവ്രതരമാക്കിയിട്ടേയുള്ളൂ. നിരവധി നഴ്സുമാർക്ക് ജീവനഷ്ടം, തളർച്ച, മാനസിക സമ്മർദം എന്നിവ വന്ന് പലരും ഈ തൊഴിൽ വിടുന്നത് വരെ ആലോചിച്ചതാണ്. പ്രായം ചെന്നവരേറെയുള്ള ജനസംഖ്യയും ജീവിതശൈലീ രോഗങ്ങളുടെ കുത്തനെ വളർച്ചയുമായി മുഖാമുഖം നിൽക്കുന്ന ഈ ഘട്ടത്തിൽ ആരോഗ്യ പരിചരണ സേവനങ്ങൾ വർധിച്ചുവരികയാണ്. അതുവഴി നഴ്സുമാരുടെ പങ്ക് കൂടുതൽ പ്രാമുഖ്യമുള്ളതാകുകയും ചെയ്യുകയാണ്.
ഏഴ് രാജ്യങ്ങളിലെ സ്ഥാപനങ്ങളിലായി 10,000 ലേറെ നഴ്സുമാർ അസ്റ്ററിൽ സേവന രംഗത്തുള്ളതിനാൽ നഴ്സിങ് സമൂഹത്തിന്റെ സമർപണവും പിടിച്ചുനിൽക്കാനുള്ള ശേഷിയും എത്രശക്തമാണെന്ന് നേരിട്ടുകാണാനാകുമെന്ന സവിശേഷതയുണ്ട്. പ്രാഥമിക പരിശോധന മുതൽ ശസ്ത്രക്രിയാനന്തര രോഗമുക്തി വരെ വൈകാരിക പിന്തുണയുമായി ഒരു രോഗിയുടെ പരിചരണ യാത്രയിലുനീളം നഴ്സുമാർ വഹിക്കുന്നത് സമാനതകളില്ലാത്ത പങ്കാണ്. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും കരുതലിന്റെയും ആശ്വാസത്തിന്റെയും അത്താണികളാണ് പലപ്പോഴും അവർ.
ഈ പുരസ്കാരം വഴി, ഇങ്ങനെ സവിശേഷരായി നിലകൊള്ളുന്ന നഴ്സുമാരുടെ കഥകളിലേക്ക് അർഹിക്കുംവിധം ശ്രദ്ധ നൽകുകയും വെളിച്ചം വീശുകയും ചെയ്യലും ആരോഗ്യപരിചരണ വ്യവസായത്തിലെ റോൾ മോഡലുകളാക്കി മാറ്റലുമാണ് ഞങ്ങളുടെ ലക്ഷ്യം. ലോകം മുഴുക്കെ സമൂഹത്തെ ചികിത്സിക്കുകയും നിലനിർത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു തൊഴിൽ മേഖല അർഹിക്കുന്നത് അവർക്ക് തിരിച്ചുനൽകലാണ് ഞങ്ങൾ നിർവഹിക്കുന്ന ദൗത്യം. ദുബൈയിൽ പുരസ്കാര സമർപണത്തിന്റെ നാലാം എഡീഷന് ആതിഥ്യമരുളുമ്പോൾ, ഭാവി തലമുറകൾക്ക് പ്രചോദനം പകരാനും നഴ്സിങ്ങിൽ വിജയകരമായ ദീർഘകാല കരിയറിലേക്ക് അവരെ വഴി നടത്താനുമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു- ഡോ. ആസാദ് മൂപ്പന്റെ വാക്കുകൾ.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന്റെ ആദ്യ രണ്ട് എഡിഷനുകളും 2022, 2023 വർഷങ്ങളിൽ അന്താരാഷ്ട്ര നഴ്സസ് ദിനമായ മേയ് 12നാണ് നടന്നത്. ഈ ദിനത്തിന്റെയും മുഹൂർത്തത്തിന്റെയും പ്രാധാന്യം അടയാളപ്പെടുത്തൽ കൂടിയായിരുന്നു അത്. ഇതേ പാരമ്പര്യം 2024ലെ മൂന്നാം എഡീഷനിലും തുടർന്നു. ലോകമൊട്ടുക്കുമുള്ള അനന്യസാധാരണ മിടുക്കുള്ള നഴ്സുമാരെ ആഘോഷിക്കുന്നതായിരുന്നു ആ ചടങ്ങും. കെനിയയിലെ മാർസബിറ്റ് കൗണ്ടി സ്വദേശിയായ നഴ്സ് അന്ന ഖബാലെ ദുബ, യു.കെ സ്വദേശിയായ നഴ്സ് മാർഗരറ്റ് ഹെലൻ ഷെപേർഡ്, ഫിലിപ്പീൻസ് സ്വദേശിയായ മരിയ വിക്ടോറിയ ജുവാൻ എന്നിവരായിരുന്നു മൂന്നു തവണകളായി പുരസ്കാര ജേതാക്കൾ. 250,000 ഡോളർ വീതമായിരുന്നു സമ്മാനത്തുക.
മൂന്നാം എഡീഷനിൽ 202 രാജ്യങ്ങളിൽനിന്നായി 78,000 അപേക്ഷകരിൽനിന്നായിരുന്നു വിജയിയെ തെരഞ്ഞെടുത്തത്. Ernst & Young LLP നടത്തിയ കടുത്ത റിവ്യൂ പ്രക്രിയയും സ്ക്രീനിങ്ങും മൂല്യനിർണയവും പൊതുജന വോട്ടിങ്ങും ഒടുവിൽ ഗ്രാൻഡ് ജൂറി മൂല്യനിർണയവും വഴിയായിരുന്നു വിജയിയെ കണ്ടെത്തൽ. ഫൈനലിലെത്തിയ മറ്റ് ഒമ്പത് പേരും അർഹമായി ആദരിക്കപ്പെടുകയും പുരസ്കാരം സമ്മാനിക്കപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.