ദുബൈ: ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) സംഘടിപ്പിക്കുന്ന ബോധവത്കരണ ക്യാമ്പ് ‘ഫോർ യു, വീ ആർ ഹിയർ’ തിങ്കളാഴ്ച മുതൽ ദുബൈ ഹിൽസ് മാളിൽ ആരംഭിക്കും.
രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന ക്യാമ്പിൽ പൊതുജനങ്ങൾക്ക് വിവിധ വിസ, ഐഡന്റിറ്റി, നാഷനാലിറ്റി, ഗോൾഡൻ റെസിഡൻസി, ‘അമർ അസിസ്റ്റന്റ്’ പ്ലാറ്റ്ഫോം, സെന്റിമെന്റ് അനാലിസിസ് സേവനം എന്നിവയെക്കുറിച്ച് അറിയാനുള്ള അവസരമൊരുക്കും.കൂടുതൽപേരെ ജി.ഡി.ആർ.എഫ്.എയുടെ സേവനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പ്.
‘കസ്റ്റമർ ഫസ്റ്റ്’ എന്ന തത്ത്വം അടിസ്ഥാനമാക്കിയുള്ള പരിപാടി, പൊതുജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ വർഷങ്ങളിലുണ്ടായ വലിയ വിജയത്തിന്റെ തുടർച്ചയായാണ് ഇത്തവണയും ക്യാമ്പ് സംഘടിപ്പിക്കുന്നത്. സന്ദർശകർക്ക് വ്യക്തിഗതമായി സേവനങ്ങളെക്കുറിച്ച് അറിയാനും സംശയങ്ങൾ തീർക്കാനും ഫീഡ്ബാക്ക് നൽകാനും കഴിയും.
കുട്ടികൾക്കായി ‘സലേം’, ‘സലാമ’ എന്നീ പ്രശസ്ത കാർട്ടൂൺ കഥാപാത്രങ്ങളുമായി ഒരു പ്രത്യേക വിനോദമേഖലയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സമ്മാനങ്ങളും സന്ദർശകർക്ക് ലഭ്യമാക്കുന്നതാണ്. പരിപാടി വെള്ളിയാഴ്ച സമാപിക്കും.
ദുബൈ ഹിൽസ് മാളിൽ ജി.ഡി.ആർ.എഫ്.എബോധവത്കരണം ഇന്നുമുതൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.