മസ്കത്ത്: ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗം മസ്കത്തിൽ നടന്നു. ജി.സി.സി രാഷ്ട്രങ്ങളിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് നടന്ന യോഗത്തിൽ ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ ബിൻ ഹമദ് അൽ മെഹ്രീസി അധ്യക്ഷത വഹിച്ചു. യോഗത്തിൽ യു.എ.ഇയിലെ റാസൽഖൈമയെ അടുത്ത വർഷത്തെ ജി.സി.സി ടൂറിസം നഗരമായി പ്രഖ്യാപിച്ചു.
‘എക്സ്പീരിയൻസ് ഗൾഫ്’ എന്ന പേരിൽ ജി.സി.സി രാഷ്ട്രങ്ങളുടെ സംയുക്ത നേതൃത്വത്തിൽ ടൂറിസം കർമപദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു. ഇതോടൊപ്പം ഗൾഫ് രാഷ്ട്രങ്ങൾക്കിടയിലെ ടൂറിസം മേഖലയുടെ പ്രോത്സാഹനാർഥം വിമാന ടിക്കറ്റ് നിരക്കുകൾ കുറക്കുന്നതടക്കം നിർദേശങ്ങളും യോഗത്തിൽ ഉയർന്നു.
ടൂറിസം മന്ത്രിമാരുടെ അടുത്ത യോഗം യു.എ.ഇയിൽ നടത്താനും യോഗം തീരുമാനിച്ചു. തൊഴിൽ ലഭ്യതക്കും സാമ്പത്തിക വളർച്ചക്കുമുള്ള സാധ്യത മുൻനിർത്തി ജി.സി.സി രാഷ്ട്രങ്ങൾ ടൂറിസം മേഖലക്ക് ഏറെ പ്രാധാന്യമാണ് നൽകുന്നതെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.