ദുബൈ: ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജി.സി.സി ടൂറിസ്റ്റ് വിസക്ക് അംഗീകാരമായെന്നും വൈകാതെതന്നെ ലഭ്യമാകുമെന്നും യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി. നിലവിൽ വിസ നടപ്പാക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ടവരുടെയും പരിഗണനയിലാണെന്നും അദ്ദേഹം ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യൂറോപ്യൻ യൂനിയന്റെ ഷെങ്കൻ വിസ മാതൃകയിൽ ജി.സി.സി ഗ്രാൻഡ് ടൂർസ് വിസ എന്നറിയപ്പെടുന്ന സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് സമീപ വർഷങ്ങളിലായി ചർച്ചകൾ സജീവമായിരുന്നു. നേരത്തെ ജി.സി.സി സുപ്രീംകൗൺസിൽ ഏകീകൃത വിസക്ക് അംഗീകാരം നൽകുകയും ചെയ്തിരുന്നു.
വിവിധ ഘട്ടങ്ങളിലായി നടന്ന കൂടിയാലോചനകൾക്ക് ശേഷമാണ് വിസ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇത് യാഥാർഥ്യമാകുമ്പോൾ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ആറു രാജ്യങ്ങളിൽ ഒറ്റ വിസയിൽ സന്ദർശിക്കാനാകും. ഓരോ രാജ്യം സന്ദർശിക്കാനും പ്രത്യേക വിസ എടുക്കുന്ന നിലവിലെ രീതി ഇതോടെ മാറും. ഏകീകൃത വിസ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാരത്തിനൊപ്പം ബിസിനസ് രംഗത്തിനും ഇത് ഉണർവേകുമെന്നും വിലയിരുത്തപ്പെടുന്നു.
ഗൾഫ് മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് തുടക്കംകുറിക്കാൻ ജി.സി.സി വിസക്ക് സാധിക്കുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്. ഗൾഫ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ മേഖലയിൽ 6.81 കോടി സന്ദർശകർ എത്തിയിട്ടുണ്ട്. അതോടൊപ്പം ടൂറിസം മേഖലയിൽ 110.4 ബില്യൺ ഡോളറിന്റെ റെക്കോഡ് വരുമാനം നേടുകയും ചെയ്തു. കോവിഡിന് മുമ്പുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വിനോദസഞ്ചാരികളുടെ വരവിൽ 42.8 ശതമാനം വർധനയാണ് 2023ൽ രേഖപ്പെടുത്തിയത്. വിനോദ സഞ്ചാര മേഖലയിലെ ഈ കുതിച്ചു ചാട്ടത്തിന് ഗതിവേഗം നൽകാൻ ജി.സി.സി വിസ പദ്ധതി സഹായിക്കും. ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്കും വലിയരീതിയിൽ സംവിധാനം ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, പൂർണാർഥത്തിൽ പദ്ധതി നടപ്പിലാക്കുന്നത് എപ്പോഴാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.