ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ഫുജൈറ: ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് വിപുല പരിപാടികളോടെ ‘ഇന്ത്യ ഫെസ്റ്റ് 2025’ സംഘടിപ്പിക്കുന്നു. സോഷ്യൽ ക്ലബ് അങ്കണത്തിൽ ഫെബ്രുവരി ഒന്നിന് വൈകുന്നേരം അഞ്ചു മുതലാണ് പരിപാടികൾ. കൽബ, ഖോർഫക്കാൻ, ദിബ്ബ തുടങ്ങിയ പ്രദേശങ്ങളിലെ ഇന്ത്യൻ സോഷ്യൽ ക്ലബുകളും മേഖലയിലെ കലാസാംസ്കാരിക സംഘടനകളും ഫെസ്റ്റിവലിൽ ഭാഗഭാക്കാവുമെന്ന് ഇന്ത്യന്‍ സോഷ്യൽ ക്ലബ് പ്രസിഡന്റ് അഡ്വ. നാസറുദ്ദീൻ ക്ലബിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിവിധങ്ങളായ ഭക്ഷണശാലകളും മറ്റുമടക്കം അമ്പതോളം സ്റ്റാളുകളും വിവിധ സാംസ്കാരിക സംഘടനകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഓർക്കസ്ട്രയും അടക്കം വിപുല പരിപാടികളാണ് ഈ വർഷത്തെ ഫെസ്റ്റിവലിൽ അരങ്ങേറുന്നത്.
എല്ലാവർഷവും നടത്തപ്പെടുന്ന ഇന്ത്യ ഫെസ്റ്റ് ഇന്ത്യക്കാരുടെ ഒരുമയുടെ അടയാളപ്പെടുത്തൽ കൂടിയാണെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ക്ലബ് അഡ്വൈസർ ഡോ. പുത്തൂർ റഹ്മാൻ പറഞ്ഞു.
കഴിഞ്ഞവർഷം സംഘടിപ്പിച്ച ഫെസ്റ്റിൽ 7000 ത്തോളം ആളുകൾ പങ്കെടുത്തതായും ഇപ്രാവശ്യം 10,000ത്തോളം ആളുകളെയാണ് ക്ലബ് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. സോഷ്യല്‍ ക്ലബ് വൈസ് പ്രസിഡന്റ് സഞ്ജീവ്, ജനറല്‍സെക്രട്ടറി പ്രദീപ്കുമാര്‍, കള്‍ചറല്‍ സെക്രട്ടറി സുഭാഷ്, ട്രഷറര്‍ സിറാജ്, പബ്ലിക് റിലേഷന്‍ സെക്രട്ടറി അബ്ദുല്‍ മനാഫ്, മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളും മീറ്റിങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.