ഫുജൈറ ഇന്‍റർനാഷനൽ എയർപോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇബ്രാഹിം അൽഖല്ലാഫും ഗോഡോബ സി.ഇ.ഒ റാദ് അൽ അബ്റിയും കരാറിൽ ഒപ്പുവെച്ചപ്പോൾ
ഫുജൈറ: ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഫുജൈറ എയർപോർട്ടും ‘ഗോഡോബ ട്രാവൽ ആൻഡ് ടൂറിസ’വും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വിമാനത്താവളത്തിന്‍റെ വാണിജ്യ, പ്രവർത്തന വളർച്ചക്ക് പിന്തുണ നൽകുകയാണ് ഈ പങ്കാളിത്തത്തിന്‍റെ പ്രധാന ലക്ഷ്യം.
ഫുജൈറയിൽ നടന്ന ചടങ്ങിൽ ഫുജൈറ ഇന്‍റർനാഷനൽ എയർപോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇബ്രാഹിം അൽഖല്ലാഫും ഗോഡോബ സി.ഇ.ഒ റാദ് അൽ അബ്റിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഫുജൈറ വഴിയുള്ള യാത്രാസൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സർവീസുകളും ലക്ഷ്യസ്ഥാനങ്ങളും കണ്ടെത്തുന്നതിനും ഇരുസ്ഥാപനങ്ങളും ഒന്നിച്ചുപ്രവർത്തിക്കും. വിപണി വിവരങ്ങൾ പങ്കുവെക്കുക, യാത്രാവിവരങ്ങളും ബുക്കിങ്ങും എളുപ്പമാക്കുന്ന ഡിജിറ്റൽ സംവിധാനങ്ങൾ കൊണ്ടുവരിക, മേഖലയിലെ വ്യോമബന്ധം ശക്തമാക്കുക എന്നിവയും ഈ കരാറിലൂടെ ലക്ഷ്യമിടുന്നു.
വ്യാപാര, വിനോദസഞ്ചാര മേഖലകളിൽ ഫുജൈറയുടെ വളർച്ചക്ക് ഈ സഹകരണം വലിയ കരുത്താകുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇബ്രാഹിം അൽഖല്ലാഫ് വ്യക്തമാക്കി. യാത്ര കൂടുതൽ സുഗമമാക്കാനും പ്രാദേശിക ടൂറിസം മേഖലയിൽ ഫുജൈറയുടെ സ്ഥാനം ഉറപ്പിക്കാനും കരാർ സഹായിക്കുമെന്ന് ഗോഡോബ സി.ഇ.ഒ റാദ് അൽ അബ്റിയും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.