റെക്കോർഡ് വേഗം, മികവാർന്ന സേവനം; ദുബൈ ആർ.ടി.എക്ക് സർക്കാർ അംഗീകാരം
ദുബൈ: ഗതാഗത മേഖലയിലെ മികച്ച സേവനങ്ങളും പ്രവർത്തനക്ഷമതയും മുൻനിർത്തി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് (ആർ.ടി.എ) ‘ദുബൈ-ഇറ്റ് അവാർഡ്’ ലഭിച്ചു. ഗവൺമെന്‍റ് വിഭാഗത്തിലാണ് ആർ.ടി.എ ഈ നേട്ടം കൈവരിച്ചത്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ആർ.ടി.എയുടെ നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. റെക്കോർഡ് വേഗത്തിലും ഗുണനിലവാരത്തിലും പദ്ധതികൾ പൂർത്തിയാക്കുന്ന ‘ദുബൈ-ഇറ്റ്’ തൊഴിൽ സംസ്കാരം മാതൃകാപരമായി നടപ്പിലാക്കിയതിനാണ് അംഗീകാരം. റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ തുടങ്ങിയ വലിയ അടിസ്ഥാന സൗകര്യ പദ്ധതികൾ ആഗോള നിലവാരത്തേക്കാൾ ഇരട്ടി വേഗതയിലും കാര്യക്ഷമതയിലുമാണ് ആർ.ടി.എ പൂർത്തിയാക്കിയത്.
ദുബൈ മെട്രോയുടെ കൃത്യത 99.7 ശതമാനമായി നിലനിർത്താനും പുതിയ സ്റ്റേഷനുകൾ വ്യാപിപ്പിക്കാനും അതോറിറ്റിക്ക് കഴിഞ്ഞു. കൂടാതെ, ഡ്രൈവർമാരുമായും വാഹനങ്ങളുമായും ബന്ധപ്പെട്ട സേവനങ്ങൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ രീതിയിലേക്ക് മാറ്റുകയും, റോഡ് ഫീഡ്‌ബാക്കുകൾ 24 മണിക്കൂറിനകം പരിഹരിക്കാൻ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.യാത്രാ സമയം 60 ശതമാനം വരെ കുറക്കാൻ സഹായിച്ച നൂറിലധികം ട്രാഫിക് നവീകരണ പദ്ധതികളും എ.ഐ അടിസ്ഥാനമാക്കിയുള്ള ഓട്ടോണമസ് ടാക്സി, എയർ ടാക്സി സ്റ്റേഷൻ തുടങ്ങിയ ഭാവി ഗതാഗത സംവിധാനങ്ങളും ആർ.ടി.എ ഇതിനോടകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാത്തിരിപ്പില്ലാതെ 82 സേവനങ്ങൾ ലഭ്യമാക്കാനും ഒട്ടനവധി ക്വിക്ക്-വിൻ പദ്ധതികൾ നടപ്പാക്കാനും അതോറിറ്റിക്ക് കഴിഞ്ഞു.
ദുബൈയുടെ വളർച്ചക്ക് കരുത്തേകാനും നഗരത്തിലെ ജീവിതനിലവാരം ഉയർത്താനും സാധിച്ച ഈ നേട്ടങ്ങൾ അഭിനന്ദനാർഹമാണെന്ന് എക്സിക്യൂട്ടീവ് ഓഫിസ് ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി വ്യക്തമാക്കി. അസാധാരണമായ കാര്യങ്ങൾ റെക്കോർഡ് സമയത്ത് മികവോടെ ചെയ്ത് തീർക്കുക എന്ന ‘ബൈ-ഇറ്റ്’ എന്ന തത്വത്തിന്‍റെ യഥാർഥ മാതൃകയാണ് ആർ.ടി.എയുടെ നേട്ടത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.