ദുബൈ: ഷജിൻ രതീന്ദ്രന്‍റെ ആകസ്മിക വിയോഗത്തിന്‍റെ ഞെട്ടലിലാണ് ദുബൈയിലെ നിരവധി കുടുംബങ്ങൾ. യു.എ.ഇയിൽ തലമുറകളെ നൃത്തവേദിയിലേക്ക് കൈപിടിച്ചുയർത്തിയ ഷജിൻ, നൂറുകണക്കിന് ദുബൈ കുടുംബങ്ങൾക്ക് കേവലം നൃത്താധ്യാപകൻ മാത്രമായിരുന്നില്ല, സ്വന്തം കുടുംബാംഗം പോലെയായിരുന്നു. ഒന്നര പതിറ്റാണ്ടോളം ദുബൈയിൽ ചെലവഴിച്ച് പ്രായഭേദമന്യേ നിരവധി പേരെ നൃത്തത്തിന്‍റെ അരങ്ങിലേക്ക് ആനയിച്ച കൊറിയോഗ്രാഫറായ ഷജിൻ തിങ്കളാഴ്ചയാണ് സ്വദേശമായ കണ്ണൂരിൽ മരണത്തിന് കീഴടങ്ങിയത്.
42കാരനായ ഷജിന് ജൂൺ 29ന് കണ്ണൂരിൽ വീടിന് സമീപമുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിലായിരിക്കെയാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചത്. ദുബൈയിൽ അദ്ദേഹം കെട്ടിപ്പടുത്ത വലിയ സുഹൃദ്‌വലയം ആ വിയോഗത്തിൽ കണ്ണീരണിയുകയാണിപ്പോൾ. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ജന്മനാട്ടിൽ നടന്ന സംസ്കാര ചടങ്ങിൽ യു.എ.ഇയിൽ നിന്നുള്ള സുഹൃത്തുക്കളും മുൻ വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
തങ്ങൾക്ക് വേദിയിൽ കയറി നൃത്തം ചവിട്ടാൻ ധൈര്യം നൽകിയതും പ്രോത്സാഹിപ്പിച്ചതും ഷജിൻ രതീന്ദ്രനായിരുന്നുവെന്ന് ദുബൈയിലെ പല ഇന്ത്യൻ കുടുംബങ്ങളും അനുസ്മരിക്കുന്നു. കുട്ടികളെയും മാതാപിതാക്കളെയും മുതിർന്നവരെയുമൊക്കെ നൃത്തലോകത്തേക്ക് സ്വീകരിച്ചാനയിക്കാൻ ഏറെ താൽപര്യം കാട്ടിയ ഷജിൻ, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഏറെ അടുപ്പത്തോടെയാണ് പെരുമാറിയിരുന്നത്.
നൃത്താധ്യാപകൻ എന്നതിനപ്പുറം പലതുമായിരുന്നു ഷജിനെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു. നൃത്തത്തിലെ വേഗവും വഴക്കവും കാരണം കൂട്ടുകാരും അടുപ്പമുള്ളവരും സ്നേഹത്തോടെ ‘കുരുവി’ എന്നാണ് അവനെ വിളിച്ചിരുന്നത്.
തന്റെ കലാജീവിതത്തിൽ ഷാറൂഖ് ഖാൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നിരവധി സിനിമാ താരങ്ങൾക്കൊപ്പം ചലച്ചിത്ര അവാർഡ് നിശകളിൽ ഷജിൻ വേദി പങ്കിട്ടിട്ടുണ്ട്. ഇവർക്കൊപ്പം വേദിയിൽ കയറാൻ കഴിഞ്ഞത് ഏറ്റവും വലിയ അഭിമാന നിമിഷങ്ങളിലൊന്നായി അദ്ദേഹം ഓർത്തുപോന്നിരുന്നു.
അപകടത്തിനുശേഷം സുഹൃത്തുക്കൾ ആശുപത്രിയിൽ ഷജിനെ സന്ദർശിച്ചിരുന്നതായും ചികിത്സക്കായി പണം സമാഹരിച്ചിരുന്നതായും രാഗ കമ്യൂണിറ്റി കോർ കമ്മിറ്റി അംഗവും ദുബൈ പ്രവാസിയുമായ അജയ് പെട്ടക്കാരൈ പറഞ്ഞു. ‘നിർഭാഗ്യവശാൽ, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പണത്തേക്കാൾ മനുഷ്യബന്ധങ്ങൾക്ക് വിലകൽപ്പിച്ച വ്യക്തിയായിരുന്നു ഷജിൻ. വളരെ ദയയുള്ള, തമാശക്കാരനായ ആളായിരുന്നു. സാമ്പത്തിക നേട്ടങ്ങൾ അദ്ദേഹം നോക്കിയില്ല’.
കഴിഞ്ഞ വർഷമാണ് പ്രവാസം ഉപേക്ഷിച്ച് ഷജിൻ നാട്ടിലേക്ക് മടങ്ങിയത്. അതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ പിതാവ് എൻ.എം. രതീന്ദ്രൻ അന്തരിച്ചത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടുത്ത സുഹൃത്തായിരുന്ന രതീന്ദ്രൻ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കകം കുഴഞ്ഞുവീണ് മരിച്ചത് വാർത്തയായിരുന്നു. നവംബറിൽ പിതാവ് മരിച്ചതിനു ശേഷമാണ് ഷജിനെ തേടി ദുരന്തമെത്തിയത്. ബൈക്കപകടത്തിൽ പരിക്കേറ്റ് ഒരു മാസം കിടപ്പിലായതിനിടയിൽ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. ഒടുവിൽ ഹൃദയാഘാതത്തെ തുടർന്ന് അപ്രതീക്ഷിത വിയോഗവും. സവിതയാണ് മാതാവ്. സഹോദരി: ഷഫ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.