സ്വദേശി ഉൽപന്നങ്ങള്‍ക്ക് കൂടുതല്‍ ഇടമൊരുക്കാന്‍ യു.എ.ഇ

അബൂദബി: ഇമാറാത്തിലെ ഉൽപന്നങ്ങളെ ആഗോള വിപണിയിലെത്തിക്കാനും ആഭ്യന്തര ഉല്‍പ്പാദനത്തെ ഗുണനിലവാരം, നവീകരണം, സാങ്കേതികവിദ്യ, വിതരണ ശൃംഖലകള്‍ എന്നിവയുമായി ബന്ധിപ്പിക്കാനുമുള്ള സമഗ്ര സംവിധാനം യു.എ.ഇ കൂടുതല്‍ ശക്തമാക്കുന്നു. കൃഷി, ഭക്ഷ്യോല്‍പ്പാദനം തുടങ്ങിയ മേഖലകള്‍ മുതല്‍ അത്യാധുനിക നിര്‍മാണം, ഉൽപന്നങ്ങളുടെ ബ്രാന്‍ഡിങ്, വിപണനം, കയറ്റുമതി എന്നിവയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് തദ്ദേശീയ ഉൽപന്നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുകയാണ് ലക്ഷ്യം.

രാജ്യത്തെ പ്രത്യേക പ്രദേശങ്ങളുമായി ബന്ധപ്പെട്ട ഗുണനിലവാരമുള്ളതും പാരമ്പര്യമുള്ളതുമായ കാര്‍ഷിക, വ്യാവസായിക ഉൽപന്നങ്ങളെ തിരിച്ചറിഞ്ഞ് സംരക്ഷിക്കാനുള്ള 'ദേശീയ പ്രോജക്റ്റ്' കഴിഞ്ഞ ഏപ്രിലില്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ചില്ലറ വിൽപന കേന്ദ്രങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ദേശീയ ഉൽപന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കാനും ഈ നയം ലക്ഷ്യമിടുന്നു. പ്രാദേശിക ഉൽപാദന നിലവാരം ഉയര്‍ത്താന്‍ നാഷനല്‍ അഗ്രികള്‍ച്ചര്‍ സെന്‍ററും അബൂദബി കൃഷി-ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും ചേര്‍ന്ന് ‘യു.എ.ഇ. ഗുഡ് അഗ്രികള്‍ച്ചറല്‍ പ്രാക്ടീസസ്’ പദ്ധതിക്ക് രൂപം നല്‍കി. രാജ്യത്തെ 80 ശതമാനം ഫാമുകളും ഇതിന്‍റെ കീഴില്‍ സര്‍ട്ടിഫിക്കേഷന്‍ നേടുകയാണ് ലക്ഷ്യം.

ഇറക്കുമതി ആശ്രിതത്വം കുറക്കാന്‍ കാലാവസ്ഥയെ അതിജീവിക്കുന്ന വിളകള്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും, ഹോട്ടല്‍-റെസ്റ്റോറന്‍റ് മേഖലയില്‍ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന കാര്‍ഷിക-മൃഗസംരക്ഷണ ഉൽപന്നങ്ങളുടെ ഉപയോഗം 25 ശതമാനമായി ഉയര്‍ത്തുന്ന പദ്ധതിയും നടപ്പാക്കിവരുന്നു. നിര്‍ണായക വ്യവസായങ്ങളുടെ പ്രാദേശികവല്‍ക്കരണത്തിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി 100 കോടി ദിര്‍ഹമിന്‍റെ ‘ദേശീയ വ്യാവസായിക പ്രതിരോധ ഫണ്ട്’ അംഗീകരിച്ചിട്ടുണ്ട്. 

Tags:    
News Summary - UAE to make more space for local products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.