നോർക്ക ഇൻഷുറൻസ് പദ്ധതികളിൽ 2.27 ലക്ഷം കുടുംബങ്ങൾ
ദുബൈ: പ്രവാസികേരളീയർക്കും കുടുംബങ്ങൾക്കും സമഗ്ര ആരോഗ്യ-അപകട പരിരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന ‘നോർക്ക കെയർ പ്ലസ്’ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കൂടുതൽ പ്രവാസികൾ പങ്കാളികളായി. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ നീണ്ടുനിന്ന രണ്ടാംഘട്ട രജിസ്ട്രേഷനിൽ 63,580 പ്രവാസി കുടുംബങ്ങളാണ് പദ്ധതിയിൽ പുതുതായി അംഗങ്ങളായത്.
കഴിഞ്ഞ മാർച്ച് 11 മുതൽ ഏപ്രിൽ 12 വരെ നടന്ന ആദ്യഘട്ടത്തിൽ എൻറോൾ ചെയ്ത 32,000 കുടുംബങ്ങൾ ഉൾപ്പെടെ, നോർക്ക കെയർ പ്ലസ് പദ്ധതിക്ക് കീഴിൽ മാത്രം ആകെ 95,580 കുടുംബങ്ങൾ ഇൻഷുറൻസ് സുരക്ഷ ഉറപ്പാക്കിക്കഴിഞ്ഞു. 2026 ഏപ്രിൽ 15-ന് ഔദ്യോഗികമായി തുടക്കം കുറിച്ച നോർക്ക കെയർ പ്ലസിൽ നിലവിൽ ചേർന്നവരുടെ പോളിസി കാലാവധി 2027 ഏപ്രിൽ 14 വരെയാണ്. 2025 സെപ്റ്റംബർ 22 മുതൽ നവംബർ 30 വരെ നടന്ന നോർക്ക കെയർ പദ്ധതിയുടെ ആദ്യഘട്ട എൻറോൾമെന്റിൽ 1,32,034 കുടുംബങ്ങൾ ചേർന്നിരുന്നു. ഇതോടെ നോർക്ക കെയർ, നോർക്ക കെയർ പ്ലസ് എന്നീ ഇരുപദ്ധതികളിലുമായി അംഗങ്ങളായ പ്രവാസി കുടുംബങ്ങളുടെ എണ്ണം 2,27,614 ആയി ഉയർന്നു. 136-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പങ്കാളിത്തത്തോടെ നടപ്പിലാകുന്ന പദ്ധതികളിലൂടെ പത്തുലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് ആരോഗ്യ സംരക്ഷണം ലഭിക്കുന്നത്.
മറ്റ് ഇൻഷുറൻസ് പദ്ധതികളെ അപേക്ഷിച്ച് ആശുപത്രി ചെലവുകൾക്കുള്ള സഹായം വേഗത്തിൽ ലഭ്യമാക്കുന്നതിൽ നോർക്ക പദ്ധതികൾ മികച്ച നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. 2026 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം ചികിത്സാ സഹായത്തിനായി അപേക്ഷിച്ച 99.38 ശതമാനം പേർക്കും തുക ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ 31,660 പോളിസി ഉടമകൾക്കായി 227 കോടി രൂപ ചികിത്സാ സഹായ ഇനത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് നോർക്ക വൃത്തങ്ങൾ അറിയിച്ചു. നിലവിലുള്ള രോഗങ്ങൾക്ക് ആദ്യദിനം മുതൽ തന്നെ ചികിത്സാ പരിരക്ഷ ലഭിക്കുന്നുവെന്നതും മെഡിക്കൽ പരിശോധനകൾ ആവശ്യമില്ലെന്നതും പദ്ധതികളുടെ വലിയൊരു പ്രത്യേകതയാണ്.
പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ഉറപ്പാക്കുന്നതായിരുന്നു നോർക്ക കെയർ പദ്ധതിയെങ്കിൽ, പ്രവാസികളുടെ ആവശ്യാനുസരണം അഞ്ച് ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെ ഏഴ് വ്യത്യസ്ത സ്ലാബുകളിലായി ഉയർന്ന പരിരക്ഷ ലഭ്യമാക്കുന്ന വിപുലമായ പതിപ്പാണ് നോർക്ക കെയർ പ്ലസ്. 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള പോളിസികളിൽ പോളിസി ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താൻ അവസരമുണ്ട്.
18 മുതൽ 70 വയസ്സുവരെയുള്ള സാധുവായ നോർക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്‍റ് ഐ.ഡിയോ, എൻ.ആർ.കെ ഐ.ഡിയോ ഉള്ള കേരളീയരായ പ്രവാസികൾക്കാണ് പദ്ധതികളിൽ ചേരാൻ അവസരമൊരുങ്ങിയത്. കേരളത്തിലെ 688-ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 24,000-ത്തോളം മുൻനിര ആശുപത്രികൾ വഴി പണം മുൻകൂട്ടി നൽകാതെയുള്ള (ക്യാഷ്‌ലെസ്) ചികിത്സാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. പ്രമുഖ പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് ‘നോർക്ക കെയർ പ്ലസും’, ന്യൂ ഇന്ത്യാ അഷ്വറൻസുമായി സഹകരിച്ച് ‘നോർക്ക കെയർ’ പദ്ധതിയുമാണ് നോർക്ക റൂട്ട്സ് വിജയകരമായി നടപ്പിലാക്കുന്നത്.
40 ലക്ഷത്തിലധികം പ്രവാസികൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായിട്ടുണ്ടെങ്കിലും ഇവരിൽ ഒരു വലിയ പങ്കും ഇത്തരം സുരക്ഷാ പദ്ധതികളുടെ ഭാഗമാകാത്ത സാഹചര്യമുണ്ട്. അപ്രതീക്ഷിതമായ രോഗബാധകളും ഭീമമായ ചികിത്സാച്ചെലവുകളും കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കാതിരിക്കാൻ വരുംഘട്ടങ്ങളിൽ കൂടുതൽ പ്രവാസികൾ നോർക്ക കെയർ പദ്ധതികളിൽ പങ്കാളികളാകണമെന്ന് അധികൃതർ അഭ്യർഥിച്ചു. നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.norkaroots.kerala.gov.in) വഴിയും ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിലെ മൊബൈൽ ആപ്പ് വഴിയുമാണ് പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.