സാഫിയുടെ ഡോ. മൂപ്പൻസ് എ.ഐ ആൻഡ്​ റോബോട്ടിക്സ് സെന്‍ററും ഇന്ത്യഎ.ഐ-മെയ്റ്റി സെന്‍റർ ഓഫ് എഐ കേരളവും (സി.എ.ഐ.​കെ) ലെറ്റർ ഓഫ് ഇന്‍റന്‍റ്​ ഒപ്പുവെച്ചപ്പോൾ 

കേരളത്തിൽ എഐ, റോബോട്ടിക്സ് നവീകരണം; സാഫിയുടെ ഡോ. മൂപ്പൻസ് എ.ഐ സെന്‍ററും സി.എ.ഐ.കെയും സഹകരിക്കും

കോഴിക്കോട്: കേരളത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ), റോബോട്ടിക്സ്, ഗവേഷണം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സാഫിയുടെ ഡോ. മൂപ്പൻസ് എ.ഐ ആൻഡ് റോബോട്ടിക്സ് സെന്‍ററും ഇന്ത്യഎ.ഐ-മെയ്റ്റി സെന്‍റർ ഓഫ് എഐ കേരളവും (സി.എ.ഐ.കെ) തമ്മിൽ ലെറ്റർ ഓഫ് ഇന്‍റന്‍റ് ഒപ്പുവെച്ചു. കോഴിക്കോട്ട് നടന്ന ചടങ്ങിൽ സാഫി ജനറൽ സെക്രട്ടറി എം.എ. മെഹബൂബും സി.എ.ഐ.കെ സി.ഇ.ഒ ശിവ് ശങ്കറുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ആസാദ് മൂപ്പനും ഡിജിറ്റൽ യൂനിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും ചേർന്ന് ഇത് കൈമാറി. പി.വി. അബ്ദുൽ വഹാബ് എം.പി, സാഫി ചെയർമാൻ സി.എച്ച്. അബ്ദുൽ റഹീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വടക്കൻ കേരളത്തിലെയും സാഫിയിലെയും വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രൊഫഷനലുകൾക്കും പുതിയ സാങ്കേതിക മുന്നേറ്റങ്ങളുടെ ഭാഗമാകാൻ ഈ സഹകരണം അവസരമൊരുക്കും. ഇൻക്യുബേഷൻ, മെന്‍റർഷിപ്പ്, വ്യവസായ ബന്ധങ്ങൾ, പൈലറ്റ് പദ്ധതികൾ എന്നിവ ഉൾപ്പെടുന്ന സംയുക്ത പരിപാടികളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവയെ സംയോജിപ്പിച്ച് കേരളത്തെ ഉത്തരവാദിത്തമുള്ള എ.ഐ നവീകരണത്തിന്‍റെ പ്രധാന ഹബ്ബാക്കി മാറ്റുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സ്ഥാപിതമായ ഈ കേന്ദ്രം, ഡോ. മൂപ്പൻസ് ഫാമിലി ഫൗണ്ടേഷന്‍റെ 15 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. വിദ്യാർഥികൾ, പ്രൊഫഷനലുകൾ, സംരംഭകർ, ഗവേഷകർ എന്നിവർക്ക് എഐ, റോബോട്ടിക്സ് മേഖലകളിൽ നൂതനമായ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുകയാണ് കേന്ദ്രത്തിന്‍റെ പ്രധാന ലക്ഷ്യം.

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്‍റെ ഇന്ത്യ എ.ഐ മിഷന് കീഴിൽ കേരള സർക്കാർ, ഡിജിറ്റൽ യൂനിവേഴ്സിറ്റി കേരള, ഇന്നവേഷൻ ഇൻകുബേറ്റർ അഡ്വൈസറി എന്നിവർ ചേർന്നാണ് തിരുവനന്തപുരത്ത് സി.എ.ഐ.കെ സ്ഥാപിച്ചിട്ടുള്ളത്. ‘സോവറിൻ എ.ഐ’ മുന്നോട്ട് കൊണ്ടുപോകാനും നൈപുണ്യ വികസനം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന സി.എ.ഐ.കെയുമായുള്ള പങ്കാളിത്തം, കേരളത്തിലെ എഐ, റോബോട്ടിക്സ് മേഖലക്ക് വലിയൊരു മുന്നേറ്റമായി മാറും.

Tags:    
News Summary - AI and robotics innovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.