ദുബൈ: എമിറേറ്റിലെ സ്വകാര്യ വസ്തു ഉടമകൾക്ക് സ്വത്തുക്കൾ ഫ്രീ ഹോൾഡ് ഉടമസ്ഥതയിലേക്ക് മാറ്റാൻ അവസരം. ശൈഖ് സായിദ് റോഡിലെയും (ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ വാട്ടർ കനാൽ വരെ) അൽ ജദ്ദാഫ് ഏരിയയിലെയും സ്വകാര്യ വസ്തു ഉടമകൾക്കാണ് ഉടമസ്ഥത അവകാശം ഫ്രീഹോൾഡിലേക്ക് മാറ്റാൻ ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയത്.
എല്ലാ രാജ്യക്കാർക്കും ഈ അവസരം ലഭ്യമാണ്. 457 പ്ലോട്ടുകളാണ് ഇത്തരത്തിൽ ഉടമസ്ഥത അവകാശം ഫ്രീഹോൾഡിലേക്ക് മാറ്റാവുന്നത്. ഇതിൽ 128 പ്ലോട്ടുകൾ ശൈഖ് സായിദ് റോഡിലും 329 പ്ലോട്ടുകൾ അൽ ജദ്ദാഫിലുമാണ്. അതേസമയം, ഭൂവുടകൾ ഉടമസ്ഥത അവകാശം ഫ്രീഹോൾഡിലേക്ക് മാറ്റുന്നതിനുമുമ്പ് ഭൂമിയുടെ മൂല്യം നിശ്ചയിക്കുന്നതിന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റിന് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് ഉടമസ്ഥത കൈമാറ്റം ചെയ്യാവുന്ന വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂമിയുടെ ഉടമകൾക്ക് ‘ദുബൈ റെസ്റ്റ്’ എന്ന ആപ് വഴി അതിന് യോഗ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.
റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഏരിയ ഫീസും സേവന നിരക്കുകളും ഒരിക്കൽ നിർണയിച്ചു കഴിഞ്ഞാൽ വസ്തുവിന്റെ മൂല്യനിർണയത്തിന്റെ 30 ശതമാനം കൈമാറ്റ ഫീസ് ബാധകമാകും. പണം അടച്ചു കഴിഞ്ഞാൽ ഉടമസ്ഥതയിൽ മാറ്റം വരുത്തിയ വസ്തുവിന്റെ മാപ്പും ഫ്രീ ഹോൾഡ് ഉടമസ്ഥാവകാശ രേഖയും കൈമാറും. ഇതു വഴി ഭൂവുടമകൾക്ക് സ്വന്തം വസ്തുക്കളുടെ വിപണി മൂല്യം വർധിപ്പിക്കാനും ഇഷ്ടാനുസരണം കൈമാറാനും സാധിക്കും. ശൈഖ് സായിദ് റോഡിലെയും അൽ ജദ്ദാഫിലെയും നിശ്ചിത മേഖലയിലുള്ള ഭൂമികളുടെ ഉടമസ്ഥാവകാശം ഫ്രീഹോൾഡിലേക്ക് മാറ്റുന്നതിലൂടെ ദുബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ വളർച്ചയെ സഹായിക്കുമെന്ന് ഡി.എൽ.ഡി ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമ്മദ് ബിൻ ഖലീത പറഞ്ഞു. ലീസ് വ്യവസ്ഥയിൽ ഉടമസ്ഥതയുള്ളവർക്ക് 90 വർഷത്തേക്കാണ് ഉടമസ്ഥാവകാശം ലഭിക്കുന്നതെങ്കിൽ ഫ്രീഹോൾഡ് ഉടമസ്ഥതയുള്ളവർക്ക് ആജീവാനാന്ത ഉടമസ്ഥതാവകാശം ലഭിക്കുമെന്നതാണ് നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.