ലൈറ്റ് ആൻഡ് പീസ് മ്യൂസിയത്തിൽ 18 വരെ സൗജന്യ പ്രവേശനം

അബൂദബി: അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തിന്‍റെ ഭാഗമായി അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്‍ററിലെ പ്രശസ്തമായ ‘ലൈറ്റ് ആൻഡ് പീസ്’ മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം. മേയ്​ 18 തിങ്കളാഴ്ച വരെയാണ് ഈ സുവർണാവസരം. ഇസ്‌ലാമിക സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്. മോസ്ക് സെന്‍ററിലെ ‘പീസ് ഡോമിനുള്ളിൽ’ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിയം രാവിലെ ഒമ്പത്​ മണി മുതൽ രാത്രി 10 മണി വരെ സന്ദർശകർക്കായി തുറന്നിരിക്കും.

ഇസ്‌ലാമിക കല, സംസ്കാരം, ചരിത്രം എന്നിവ വിളിച്ചോതുന്ന അപൂർവമായ പ്രദർശന വസ്തുക്കളും ദൃശ്യ-ശ്രവ്യ വിരുന്നുകളുമാണ് അഞ്ച് പ്രധാന ഗാലറികളിലായി ഇവിടെ ഒരുക്കിയിരിക്കുന്നത്. മലയാളം, അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ ഏഴോളം അന്താരാഷ്ട്ര ഭാഷകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗൈഡഡ് ടൂർ സൗകര്യവും ഇവിടെ ലഭ്യമാണ്.

ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും യു.എ.ഇയിലെ താമസക്കാർക്കും കുടുംബസമേതം ഈ സാംസ്കാരിക വിരുന്ന് ആസ്വദിക്കാൻ ഈ സൗജന്യ പ്രവേശനത്തിലൂടെ അവസരം ലഭിക്കും. ദേശീയ-അന്തർദേശീയ തലത്തിൽ വലിയ ജനശ്രദ്ധയാകർഷിക്കുന്ന ശൈഖ്​ സായിദ് ഗ്രാൻഡ് മോസ്കിലേക്ക് ഈ ദിവസങ്ങളിൽ വലിയ തോതിൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Free entry to the Light and Peace Museum for under 18s

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.