അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ബജറ്റ്: 29,250 കോടി ദിര്‍ഹമിന്‍റെ ബജറ്റിന് അംഗീകാരം
അബൂദബി: അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള (2027-2029) ഫെഡറല്‍ പൊതുബജറ്റിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. കഴിഞ്ഞ മൂന്നുവര്‍ഷത്തെ (2024-2026) ബജറ്റിനേക്കാള്‍ 28.3 ശതമാനം വര്‍ധനവോടെ ആകെ 2,9250 കോടി ദിര്‍ഹമിന്‍റെ ബജറ്റാണ് പാസാക്കിയത്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബജറ്റ് നിര്‍ദേശങ്ങള്‍ അംഗീകരിച്ചത്. ഇതിന്‍റെ ഭാഗമായി 2027 സാമ്പത്തിക വര്‍ഷത്തേക്ക് ആകെ 9,010 കോടി ദിര്‍ഹമിന്‍റെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
ജനക്ഷേമത്തിനും സുസ്ഥിര വികസനത്തിനും മുന്‍ഗണന
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ നേതൃത്വത്തില്‍ രാജ്യത്തിന്‍റെ നേട്ടങ്ങള്‍ വിപുലപ്പെടുത്താനും വികസനം നിലനിര്‍ത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ബജറ്റ് തയാറാക്കിയിട്ടുള്ളതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് വ്യക്തമാക്കി.
വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, സാമൂഹിക സേവനങ്ങള്‍, പൗരന്മാരുടെ ജീവിതനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കല്‍ എന്നിവക്കാണ് സര്‍ക്കാറിന്‍റെ മുന്‍ഗണനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2027ലെ ബജറ്റ് വിഹിതവും ചെലവും
സര്‍ക്കാറിന്‍റെ സാമ്പത്തിക ആസൂത്രണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും മുന്‍ഗണനാ പദ്ധതികള്‍ക്കുള്ള ഫണ്ടിന്റെ സുസ്ഥിരതയും കാര്യക്ഷമതയും ഉറപ്പുവരുത്താനുമുള്ള പ്രവൃത്തികളുടെ ഭാഗമായാണ് പുതിയ ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 2027ലെ ബജറ്റില്‍ തുക വിവിധ മേഖലകള്‍ക്കായി വിഭജിച്ചിട്ടുണ്ട്:
സാമൂഹിക വികസനവും പെന്‍ഷനും: 3,460 കോടി ദിര്‍ഹം (38.4%)
സര്‍ക്കാര്‍ കാര്യങ്ങള്‍: 2,910 കോടി ദിര്‍ഹം (32.3%)
ഫെഡറല്‍ ചെലവുകള്‍: 1,780 കോടി ദിര്‍ഹം (19.7%)
സാമ്പത്തിക ആസ്തികളും നിക്ഷേപങ്ങളും: 560 കോടി ദിര്‍ഹം (6.2%)
അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സ്രോതസുകളും: 300 കോടി ദിര്‍ഹം (3.4%)
പ്രധാന മേഖലകള്‍
സാമൂഹിക സുരക്ഷ, ഭാവി സാമ്പത്തിക കാര്യങ്ങള്‍, വിദ്യാഭ്യാസം, തൊഴിലും ശാക്തീകരണവും, ആരോഗ്യവും ജീവിതനിലവാരവും, ഭരണനിര്‍വഹണവും അന്താരാഷ്ട്ര ബന്ധങ്ങളും, വ്യവസായം, സാങ്കേതികവിദ്യ, ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍, സംസ്‌കാരം, മാധ്യമം, കായികം എന്നിവയാണ് ബജറ്റില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍.
ദീര്‍ഘകാല സുസ്ഥിര സാമ്പത്തിക ആസൂത്രണത്തിനും വിഭവ സമാഹരണത്തിന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഇത് വഴിയൊരുക്കും. നിലവിലെ വികസന ആവശ്യങ്ങളും ഭാവി നിക്ഷേപ അവസരങ്ങളും തമ്മില്‍ കൃത്യമായ സന്തുലിതാവസ്ഥ പാലിക്കാനും സര്‍ക്കാറിന്‍റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും ബജറ്റ് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.