കുടുംബ നീതിമേള ശ്ലാഘനീയം -ടി.പി. ശ്രീനിവാസൻ

ദുബൈ: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുമായി സഹകരിച്ച് ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി (സി.ഡി.എ)യുടെ അനുമതിയോടെ ദുബൈ മോഡൽ സർവീസ് സൊസൈറ്റി (എം.എസ്.എസ്) ഒക്ടോബർ 18ന് നടത്തുന്ന സൗജന്യ ‘കുടുംബ നീതിമേള’ ഏറെ ശ്ലാഘനീയമാണെന്ന് ഇന്ത്യയുടെ മുൻ യു.എൻ പ്രതിനിധിയും അംബാസഡറും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും, പിൽസ് മുഖ്യ രക്ഷാധികാരിയുമായ ടി.പി. ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.

നീതിമേളയുടെ പ്രചാരണം നിയമക്കുരുക്കിൽപെട്ട് മാനസികമായി തകർന്നുകഴിയുന്ന സാധാരണക്കാരായ പ്രവാസികളിലേക്ക് എത്തിച്ച് ഫലവത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുടുംബ നീതിമേളയുടെ പ്രചാരണ പോസ്റ്റർ ദുബൈയിൽ നടന്ന ചടങ്ങിൽ മേള ചെയർമാൻ മോഹൻ എസ്‌. വെങ്കിട്ടിനു നൽകി ടി.പി. ശ്രീനിവാസൻ പുറത്തിറക്കി. എം.എസ്.എസ് പ്രസിഡന്‍റ് ഫയാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. അഭിഭാഷക പാനൽ കൺവീനർ അഡ്വ. അസീസ് തോലേരി, എം.എസ്.എസ് സെക്രട്ടറി ഷജിൽ ഷൗക്കത്ത്, കോഓഡിനേറ്റർ മുഹമ്മദ് അക്ബർ എന്നിവർ പങ്കെടുത്തു. നീതിമേള കൺവീനർ അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും പിൽസ് സിക്രട്ടറി നിഷാജ് ശാഹുൽ നന്ദിയും പറഞ്ഞു.

യു.എ.ഇ ഗവണ്മെന്‍റ് 2026 കുടുംബ വർഷമായി ആചരിക്കുന്നതിനാൽ ‘കുടുംബ നീതി മേള’ എന്ന പേരിലാണ് ഈ വർഷം നീതിമേള നടക്കുക. കുടുംബ നിയമ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, വൈവാഹിക നിയമ വിഷയങ്ങൾ, വിവാഹം, വിവാഹ മോചന കേസുകൾ, ജീവനാംശം, വയോജന-ബാല പീഡന കേസുകൾ തുടങ്ങിയവക്കായിരിക്കും പ്രാമുഖ്യം നൽകുക. അതിനായി ഈ മേഖലയിൽ പ്രഗൽഭ്യമുള്ള അഭിഭാഷകരും ഫാമിലി കൗൺസിലർമാരും വിദഗ്ധരും നേതൃത്വം നൽകും.

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്കും നീതിമേളയിലൂടെ പരിഹാര നിർദേശങ്ങൾ ലഭ്യമാവും. അവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ഇടപെട്ട് പരിഹാരങ്ങൾക്ക് വഴിയൊരുക്കും. പാസ്പോർട്ട്, എംബസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വിസ, റിക്രൂട്മെന്‍റ് തട്ടിപ്പുകൾ, സാമ്പത്തിക ഇടപാടുകൾ സംബന്ധമായ തർക്കങ്ങൾ, നിക്ഷേപ തട്ടിപ്പുകൾ, ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹന അപകട സംബന്ധമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ, സ്വത്തു സംബന്ധമായ സ്വകാര്യ വ്യവഹാരങ്ങൾ എന്നിവയിലും നാട്ടിലും മറുനാട്ടിലും നേരിടുന്ന മറ്റു ക്രിമിനൽ-സിവിൽ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികൾക്ക് നീതിമേളയിലൂടെ പരാതികൾ സമർപ്പിക്കാം.

ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 10 മണി മുതൽ ദുബൈ റാശിദിയ പേസ് സ്‌കൂളിലാണ് നീതിമേള നടക്കുക. നാട്ടിലെയും യു.എ.ഇ യിലെയും പ്രമുഖ അഭിഭാഷകരും, ഹോപ്പ് ഓഫ് ലൈഫ് ടീമിന്‍റെ വിദഗ്ദ്ധ സൈക്കോളജിസ്റ്റുകളും സാമൂഹിക പ്രവർത്തകരും നീതിമേളയിൽ പങ്കെടുക്കും. ‘നീതിമേള’ യിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷന് https://legal.mssgulf.org എന്ന ലിങ്ക് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0547352524.

Tags:    
News Summary - Kudumba Neethi Mela commendable: T.P. Sreenivasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.