ദുബൈ: ഫുട്ബാൾ മത്സരത്തിനിടെ അപകടസാധ്യതയുള്ള ഫ്ലയർ ഉപയോഗിച്ച രണ്ട് കളിയാരാധകരെ അറസ്റ്റ് ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്പോർട്സ് സൗകര്യങ്ങളിലോ പരിപാടി നടക്കുന്ന സ്ഥലങ്ങളിലോ നിരോധിതമോ അപകടകരമോ ആയ വസ്തുക്കൾ, പ്രത്യേകിച്ച് പടക്കങ്ങൾ കൈവശം വെക്കരുതെന്നും, നിയമം ലംഘിച്ചാൽ മൂന്ന് മാസം വരെ തടവും 30,000 ദിർഹം വരെ പിഴയും ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നഗരത്തിൽ നടക്കുന്ന എല്ലാ കായിക പരിപാടികളുടെയും കളിക്കാരുടെയും ആരാധകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ദുബൈ പൊലീസിന്റെ വ്യത്യസ്ത യൂനിറ്റുകൾ സർവസജ്ജമാണെന്നും ഓപറേഷൻസ് അഫയേഴ്സ് അസി. കമാൻഡന്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈഥി പറഞ്ഞു. കാണികളുടെ നേരെയോ സ്റ്റേഡിയത്തിന്റെ പരിസരത്തോ ഏതെങ്കിലും വസ്തുക്കൾ എറിയുകയോ അധിക്ഷേപകരമായ ഭാഷയോ ആംഗ്യങ്ങളോ ഉപയോഗിക്കുകയോ ചെയ്യുന്നത് ഉൾപ്പെടെയുള്ള അക്രമപ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 10,000 ദിർഹം മുതൽ 30,000 ദിർഹം വരെയുള്ള പിഴയും തടവും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർ, പ്രേരിപ്പിക്കുന്നവർ, ശ്രമിക്കുന്നവർ എന്നിവർക്കെതിരെയും സമാനമായ നടപടിയുണ്ടാകും. സ്റ്റേഡിയങ്ങളുടെയും ആരാധകരുടെയും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സാധ്യമായതെല്ലാം ചെയ്യുമെന്നും മത്സരങ്ങൾക്ക് മുമ്പും ശേഷവും ആവശ്യമായ എല്ലാ സേവനങ്ങളും നൽകുമെന്നും വാഹനങ്ങൾക്ക് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.