ദുബൈ: യു.എ.ഇ 48ാം ദേശീയദിനമാഘോഷിക്കുന്ന വേളയിൽ ലോകത്തിലെ ഏറ്റവും വലിയ പതാക അവതരിപ്പിച്ച് ചരിത്രത്തിലിടം നേടാൻ ദുബൈ പൊലീസും ഹെൽത്ത് ഹബ് അൽ ഫുതൈമും കൈകോർക്കുന്നു. രണ്ടു കിലോമീറ്ററിലധികം നീളവും 1200 കിലോഗ്രാം ഭാരവും മൂന്നുമീറ്റർ വീതിയുമുള്ള പതാകയാണ് ഇതിനായി തയാറാക്കിയത്.
22 സ്കൂളുകളിൽനിന്നായി 1500ലധികം വിദ്യാർഥികളും അൽ ഫുതൈം ഗ്രൂപ് തൊഴിലാളികളും കുടുംബാംഗങ്ങളും വിവിധ സംഘടന അംഗങ്ങളും ദുബൈ പൊലീസ് സേനാംഗങ്ങളും നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളുമാണ് പതാക വഹിക്കുക. 25 ദിവസമെടുത്താണ് 2020 മീറ്റർ നീളത്തിലുള്ള പതാക തയ്ച്ചെടുത്തത്. 20 വിദഗ്ധ തയ്യൽക്കാരും മൂന്ന് മേൽനോട്ടക്കാരും നാല് സഹായികളും രണ്ട് ക്വാളിറ്റി കൺട്രോൾ മാനേജർമാരും ഇതിനു മേൽനോട്ടം വഹിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടിന് ദുബൈ പൊലീസ് അക്കാദമിയിലാണ് പതാക അവതരിപ്പിക്കുക.
ആറു മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഏറ്റവും കൂടുതൽ പേർ വഹിക്കുന്ന വലിയ പതാക, ഏറ്റവും കൂടുതൽ രാജ്യക്കാർ വഹിക്കുന്ന പതാക എന്നിങ്ങനെ രണ്ടു റെക്കോഡുകളാണ് പിറക്കുക. ആസ്ത്രിഡ് ഇവൻറ് ആൻഡ് അഡ്വർടൈസിങ് കമ്പനിയാണ് യജ്ഞം ആവിഷ്കരിക്കുന്നത്. പങ്കുചേരാനും സാക്ഷിയാകാനും താൽപര്യമുള്ളവർക്ക് www.uaeguinnessawards.com വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.