അബൂദബി: നിരോധിത നൈലോണ്‍ മത്സ്യബന്ധന വലകളുമായി ഒരു കൂട്ടം മത്സ്യത്തൊഴിലാളികള്‍ അബൂദബിയില്‍ പിടിയിലായി. സമുദ്ര പരിസ്ഥിതിയെയും യു.എ.ഇയുടെ പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അബൂദബി പരിസ്ഥിതി ഏജന്‍സി നൈലോണ്‍ വലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്.
അധിക അളവില്‍ മീനുകള്‍ പിടിക്കപ്പെടുകയും ആമകളും ചെറുമീനുകളുമൊക്കെ വലയില്‍ കുരുങ്ങുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നായിരുന്നു നടപടി. നിയമലംഘകര്‍ മൂന്നു മാസത്തില്‍ കുറയാത്ത തടവോ 25,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.
തുടര്‍ നിയമലംഘനങ്ങള്‍ നടത്തിയാല്‍ തടവ് ഒരുവര്‍ഷമായും പിഴത്തുക അമ്പതിനായിരം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയും ഇവ രണ്ടും ഒരുമിച്ചോ നേരിടേണ്ടി വരും. ഇത്തരം സംഭവങ്ങളില്‍ മത്സ്യബന്ധന ബോട്ട് അടക്കം പിടിച്ചെടുക്കും. ബോട്ടം ട്രോള്‍ വലകള്‍, ബോട്ടം പോസ്റ്റുകള്‍, നൈലോണ്‍ വലകള്‍ തുടങ്ങിയവക്ക് യു.എ.ഇയിൽ നിരോധനം നിലനിൽക്കുന്നുണ്ട്.
പ്രതിദിന മത്സ്യബന്ധന പരിധി ലംഘിച്ചതിന് വിനോദ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട ആള്‍ക്ക് അബൂദബി പരിസ്ഥിതി ഏജന്‍സി നേരത്തേ അമ്പതിനായിരം ദിര്‍ഹം പിഴ ചുമത്തിയിരുന്നു. മേഖലയിലെ സമുദ്ര വൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനാണ് യു.എ.ഇ സീസണ് അടിസ്ഥാനത്തില്‍ മത്സ്യബന്ധന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിനോദത്തിന്റെ ഭാഗമായി എമിറേറ്റില്‍ വ്യാപകമായി മത്സ്യബന്ധനം നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.