ഷാർജ: എമിറേറ്റിലെ അൽഹംരിയ തുറമുഖത്ത് വെയർഹൗസ് ശനിയാഴ്ച രാവിലെയുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. അഗ്നിബാധ റിപ്പോർട്ട് ചെയ്ത ഉടൻ ഷാർജ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ നടത്തിയ അതിവേഗ ഉടപെടലിലാണ് കൂടുതൽ അപകടമില്ലാതെ തീയണച്ചത്. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിച്ച വെയർഹൗസിലാണ് അഗ്നിബാധയുണ്ടായത്. ഷാർജ സിവിൽ ഡിഫൻസിനൊപ്പം, പൊലീസും നാഷനൽ ഗാർഡും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
തുറമുഖ അതോറിറ്റിയുമായും മറ്റു ബന്ധപ്പെട്ട അധികൃതരുമായും സഹകരിച്ചാണ് മറ്റിടങ്ങളിലേക്ക് പടരാതെ തീയണച്ചത്. മണിക്കൂറുകൾക്കു ശേഷവും പൂർണമായും തീയണക്കാൻ അതി ജാഗ്രതയോടെയാണ് അധികൃതർ ഇടപെട്ടത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വേനൽ കനത്തതോടെ വിവിധ സ്ഥലങ്ങളിൽ തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ച അൽ സജാ പ്രദേശത്ത് പെട്രോ കെമിക്കൽ, ഫൈബർ ഗ്ലാസ് വസ്തുക്കൾ സൂക്ഷിച്ച സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു.
സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് അംഗങ്ങൾ തീയണച്ച് മറ്റിടങ്ങളിലേക്ക് അഗ്നിബാധ പടരുന്നത് തടഞ്ഞു. സമാനമായ അപകടങ്ങൾ ശ്രദ്ധയിൽ പെടുന്നവർ 997 എന്ന നമ്പറിലേക്ക് അറിയിക്കമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ഷാർജയിലെ അൽനഹ്ദയിലുണ്ടായ വലിയ തീപിടിത്തത്തിൽ അഞ്ച് താമസക്കാർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീപിടിത്ത സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കർശന പരിശോധന നടപടികളുമായി അധികൃതർ രംഗത്തുണ്ട്. ഷാർജയിൽ സാനെഡ് ഫെസിലിറ്റി മാനേജ്മെന്റ് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുമായും ഷാർജ പ്രിവൻഷൻ ആൻഡ് സേഫ്റ്റി അതോറിറ്റിയുമായും ചേർന്നാണ് ഫീൽഡ് ഇൻസ്പെക്ഷൻ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.