റാസല്‍ഖൈമ: ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയ റാസല്‍ഖൈമയിലെ റസ്റ്റാറന്റിന് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തി കോടതി. ഭര്‍ത്താവിനൊപ്പം റസ്റ്റാറന്റിലെത്തെിയ സ്ത്രീക്ക് ലഭിച്ച സീഫുഡ് സൂപ്പില്‍ പാറ്റയെ കണ്ടെത്തിയതാണ് കേസിനാസ്പദമായ സംഭവം. സൂപ്പ് കേടായിരുന്നതായി പറഞ്ഞ സ്ത്രീ, സൂപ്പില്‍ പാറ്റയെ കണ്ടത് 12 സെക്കൻഡ് വരുന്ന വിഡിയോ സഹിതം മുനിസിപ്പാലിറ്റിയിലും പൊലീസിലും പരാതിപ്പെടുകയായിരുന്നു.
ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണസാധനങ്ങള്‍ വിതരണംചെയ്തതിനും പാറ്റ അടങ്ങിയ കേടായ സീഫുഡ് സൂപ്പ് വിതരണംചെയ്തതിനും റസ്റ്റാറന്റ് ഉടമക്കും ഒരു ജീവനക്കാരനുമെതിരെ പബ്ലിക് പ്രോസിക്യൂഷന് കുറ്റം ചുമത്തി. വിചാരണക്കൊടുവില്‍ ഉടമക്ക് ഒരു ലക്ഷം ദിര്‍ഹമും ജീവനക്കാരന് 5000 ദിര്‍ഹവും കോടതി ചെലവുകളുൾപ്പെടെ ശിക്ഷ വിധിക്കുകയായിരുന്നു.
കേടായ സമുദ്രവിഭവങ്ങളില്‍ പാറ്റകളുടെ സാന്നിധ്യം, സുരക്ഷിതമല്ലാത്ത രീതിയിൽ ഭക്ഷണം തയാറാക്കല്‍, അടുക്കളയിലെ വൃത്തിഹീന അന്തരീക്ഷം തുടങ്ങിയവ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തറകളിലും ചുമരുകളിലും വിള്ളലുകള്‍, ഡ്രെയിനേജ് സംവിധാനത്തിലെ വീഴ്ചകള്‍, വ്യക്തിഗത ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ തൊഴിലാളികളുടെ പരാജയം, ആരോഗ്യ ചട്ടങ്ങളിലെ വീഴ്ച തുടങ്ങിയവയില്‍ ഭക്ഷ്യസുരക്ഷാ ഇന്‍സ്പെക്ടറുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ വിവിധ തെളിവുകള്‍ പരിശോധിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവൃത്തിയിലാണ് റസ്റ്റാറന്റ് ഏര്‍പ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു. ശിക്ഷാ വിധിക്കെതിരെ പ്രതികള്‍ നല്കിയ അപ്പീലില്‍ റാസല്‍ഖൈമ അപ്പീല്‍ കോടതി ജനുവരി 28ന് വിധി പറയാന്‍ മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.