കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തിൽ സുപ്രധാന ഭേദഗതികളുമായി ഫെഡറൽ ഉത്തരവ്
അബൂദബി: കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തി യു.എ.ഇ സർക്കാർ ഫെഡറൽ ഉത്തരവ് പുറപ്പെടുവിച്ചു. നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കാനും, സമൂഹ സംരക്ഷണവും മാനുഷിക പരിഗണനകളും ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നിയമ പരിഷ്കരണം. ‘ഖിസാസ്’ (പ്രതികാരം/ശിക്ഷാനയം), ആത്മഹത്യാ പ്രേരണ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
പുതിയ ഭേദഗതി അനുസരിച്ച് (ആർട്ടിക്കിൾ 384, ക്ലോസ് 3), കേസിന്‍റെ ഏത് ഘട്ടത്തിലായാലും ശിക്ഷ നടപ്പാക്കുന്നതിന് മുമ്പായാലും ഇരയുടെ അവകാശികൾ ‘ഖിസാസ്’ അവകാശം വേണ്ടെന്നുവെച്ചാൽ പ്രതിക്ക് 15 മുതൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കും. ഇരയുടെ കുടുംബത്തിന്‍റെ അവകാശവും, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാനുള്ള പൊതു താൽപര്യവും തമ്മിൽ ഒത്തുപോകുന്നതിനാണ് ഈ നിയമപരമായ മാറ്റം.
ആത്മഹത്യാ ശ്രമത്തെ കുറ്റകൃത്യമല്ലാതാക്കി മാറ്റിയതാണ് നിയമത്തിലെ മറ്റൊരു പ്രധാന തിരുത്ത്. ഇത്തരം സംഭവങ്ങളെ ശിക്ഷാ നടപടികളേക്കാൾ പ്രതിരോധ, ചികിത്സ, മാനുഷിക വീക്ഷണങ്ങളോടെ സമീപിക്കാനാണ് നിയമം ലക്ഷ്യമിടുന്നത്. നിയമപരമായ നടപടികളെക്കുറിച്ചുള്ള ഭയമില്ലാതെ മാനസിക പ്രതിസന്ധിയിലുള്ളവർക്ക് യഥാസമയം സഹായം തേടാനും, അവർക്ക് ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കാനും ഇതുവഴി സാധിക്കും.
അതേസമയം, ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്ക് കഠിനമായ ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. പ്രേരണയെ തുടർന്ന് ആത്മഹത്യാ ശ്രമം നടക്കുകയും എന്നാൽ, മരണം സംഭവിക്കാതിരിക്കുകയും ചെയ്താൽ തടവോ പിഴയോ ലഭിക്കും. ശ്രമം മൂലം വൈകല്യമോ ഗുരുതര രോഗാവസ്ഥയോ ഉണ്ടായാൽ മൂന്നുമുതൽ അഞ്ചുവർഷം വരെ തടവും പിഴയും, മരണം സംഭവിച്ചാൽ അഞ്ചുമുതൽ ഏഴുവർഷം വരെ തടവുമാണ് ശിക്ഷ. ഇര 18 വയസ്സിന് താഴെയുള്ളയാളോ മാനസിക ശേഷി കുറഞ്ഞയാളോ ആണെങ്കിൽ ശിക്ഷ കൂടുതൽ കഠിനമായിരിക്കും. ഇത്തരത്തിൽ കുറ്റക്കാരാകുന്ന വിദേശികളെ നാടുകടത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ആത്മഹത്യക്ക് പ്രേരിപ്പിച്ച വ്യക്തി തന്നെ മരണത്തിന് മുമ്പ് സ്വമേധയാ ഇടപെട്ട് ജീവൻ രക്ഷിക്കുകയാണെങ്കിൽ (സ്ഥിരമായ വൈകല്യം സംഭവിച്ചിട്ടില്ലെങ്കിൽ) അവർക്ക് ശിക്ഷയിൽ ഇളവ് നൽകാൻ കോടതിക്ക് അധികാരമുണ്ടായിരിക്കും. കുറ്റകൃത്യങ്ങളിൽനിന്ന് പിന്തിരിയുന്നതിനെയും ജീവൻ രക്ഷിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കാനാണ് ഈ വകുപ്പ്. രാജ്യത്തെ നിയമവ്യവസ്ഥ കാലോചിതമായി പരിഷ്കരിക്കുന്നതിനും മനുഷ്യന്‍റെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനുമുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് പുതിയ ഉത്തരവിലൂടെ വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.