അബൂദബിയില്‍ കടകള്‍ക്ക് മുന്നിലെ ഔട്ട്‌ഡോര്‍ സീറ്റിങ്ങിന് കര്‍ശന നിബന്ധനകൾ
അബൂദബി: കഫേകള്‍, റെസ്റ്ററന്‍റുകള്‍, കടകള്‍ എന്നിവക്ക് മുന്നിലെ ഔട്ട്‌ഡോര്‍ സീറ്റിങ് ഏരിയകള്‍ക്കും നടപ്പാത കൈയേറ്റത്തിനുമുള്ള പുതിയ നിബന്ധനകളുമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി. നഗര സൗന്ദര്യവും കാല്‍നടയാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണിത്.
ഔട്ട്‌ഡോര്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അനുമതി വാങ്ങിയിരിക്കണമെന്ന് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. പുതിയ നിയമപ്രകാരം, സ്ഥാപനത്തോട് ചേര്‍ന്നുള്ള നടപ്പാതയില്‍ മാത്രമേ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാന്‍ പാടുള്ളൂ. ഇത് കടയുടെ മുന്‍ഭാഗത്തിന്‍റെ നീളത്തേക്കാള്‍ കൂടുതലാകാന്‍ പാടില്ല.
കാല്‍നടയാത്രക്കാര്‍ക്കായി കുറഞ്ഞത് ഒരു മീറ്റര്‍ വീതിയില്‍ നടപ്പാത ഒഴിച്ചിടേണ്ടതുമാണ്. ഔട്ട്‌ഡോര്‍ സീറ്റിങ് ഏരിയയുടെ നീളം 12 മീറ്ററില്‍ കൂടുതലാണെങ്കില്‍, സീറ്റിങ് ഏരിയക്കുള്ളില്‍ കാല്‍നടയാത്രക്കാര്‍ക്കായി പ്രത്യേക പ്രവേശന പാത ഒരുക്കണം. ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ നിന്ന് നിശ്ചിത ദൂരം പാലിക്കണമെന്നും ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങളില്‍ നിന്ന് കുറഞ്ഞത് എട്ട് മീറ്ററും, ഇലക്ട്രിസിറ്റി റൂമുകള്‍, ടെലികമ്യൂണിക്കേഷന്‍ ടവറുകള്‍ എന്നിവയില്‍നിന്ന് മൂന്ന് മീറ്ററും, ഭൂഗര്‍ഭ കാര്‍ പാര്‍ക്കിങ് പ്രവേശന കവാടങ്ങള്‍, ബസ് സ്റ്റോപ്പുകള്‍, എമര്‍ജന്‍സി സോണുകള്‍ എന്നിവയില്‍ നിന്ന് രണ്ട് മീറ്ററും ദൂരം പാലിക്കണം. സ്ട്രീറ്റ് ലൈറ്റിങ് കോളങ്ങള്‍, റോഡ് സൈന്‍ ബോര്‍ഡുകള്‍, പാര്‍ക്കിങ് മെഷീനുകള്‍, ഫയര്‍ ഹൈഡ്രന്‍റുകള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കേണ്ടതാണ്.
പുതിയ ചട്ടപ്രകാരം ഔട്ട്‌ഡോര്‍ സീറ്റിങ് ഏരിയകള്‍ പൂര്‍ണമായും അടച്ചുകെട്ടിയാകാന്‍ പാടില്ല. 1.20 മീറ്റര്‍ വരെ ഉയരമുള്ളതും എളുപ്പത്തില്‍ മാറ്റാന്‍ കഴിയുന്നതുമായ ബാരിയേഴ്‌സ് അനുവദനീയമാണ്. ഇവ കൃത്യമായി വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. കൂടാതെ, വൃത്തിയും ഭംഗിയും ഉറപ്പുവരുത്തിക്കൊണ്ട് ചലിക്കുന്ന പ്ലാന്‍റുകളും ഉപയോഗിക്കാവുന്നതാണ്.
കൂടാരക്കുടകള്‍ക്ക് കുറഞ്ഞത് 2.20 മീറ്റര്‍ ഉയരമുണ്ടായിരിക്കണം. ഇവ അംഗീകൃത പരിധിക്ക് പുറത്തേക്ക് നീണ്ടുനില്‍ക്കാന്‍ പാടില്ല.പെര്‍മിറ്റ് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് 800 555 എന്ന നമ്പറില്‍ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.