ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ കെ.വി.എസ് മണിയൻ ഉൾപ്പെടെയുള്ള പ്രതിനിധികൾ
ദുബൈ: പ്രവാസി സമൂഹത്തെ ലക്ഷ്യമിട്ട് പുതിയ എൻ.ആർ.ഇ സേവിങ്സ് അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്. പ്രോസ്പെര എന്ന പേരിലാണ് പുതിയ അക്കൗണ്ട് പുറത്തിറക്കിയത്. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എയർപോർട്ട് ലോഞ്ച്, ഡെബിറ്റ് കാർഡ് റിവാർഡ് പോയന്റ് തുടങ്ങി പ്രവാസികൾക്കായി നിരവധി ആനുകൂല്യങ്ങൾ ഉൾപ്പെടുന്നതാണ് പ്രോസ്പര സേവിങ്സ് അക്കൗണ്ട്.
ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ കെ.വി.എസ് മണിയൻ ചുമതലയേറ്റ ശേഷം ദുബൈയിൽ നടത്തിയ ആദ്യ വാർത്തസമ്മേളനത്തിലാണ് പുതിയ അക്കൗണ്ടിന്റെ പ്രഖ്യാപനം. ഗൾഫ് മേഖലയിലെ പ്രവാസി സമൂഹവുമായി ഫെഡറൽ ബാങ്കിനുള്ള സുദൃഢമായ ബന്ധത്തെക്കുറിച്ചും കഴിഞ്ഞ 17 വർഷമായി യു.എ.ഇയിൽ ഫെഡറൽ ബാങ്കിന്റെ ബ്രാഞ്ച് നിർവഹിക്കുന്ന സേവനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഇടപാടുകാരുടെ ആവശ്യങ്ങൾക്കും മാറുന്ന സാഹചര്യങ്ങൾക്കും ചേർന്ന തരത്തിൽ ഉൽപന്നങ്ങളും സേവനങ്ങളും നിരന്തരം മെച്ചപ്പെടുത്തുന്നതിൽ ഞങ്ങൾ പ്രതിജ്ഞബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കിന്റെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ഡെപ്പോസിറ്റ്സ്, വെൽത്ത് ആൻഡ് ബാൻകാ കൺട്രി ഹെഡുമായ പി.വി ജോയ്, എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് ഹെഡുമായ ഇക്ബാൽ മനോജ്, അബൂദബിയിലെ ചീഫ് റെപ്രസന്റേറ്റിവ് ഓഫിസർ അരവിന്ദ് കാർത്തികേയൻ, ദുബൈയിലെ ചീഫ് റെപ്രസെന്റേറ്റിവ് ഓഫിസർ ഷെറിൻ കുര്യാക്കോസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോമായ ഫെഡ് മൊബൈൽ വഴി പ്രവാസികൾക്ക് പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്കീം (പി.ഐ.എസ്) അക്കൗണ്ട് തുടങ്ങാൻ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഇക്ബാൽ മനോജ് നിർവഹിച്ചു. ഈ സൗകര്യമുപയോഗിച്ച് പ്രവാസികൾക്ക് ഓഹരിവിപണിയിൽ നിക്ഷേപം നടത്താം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കെ.വി.എസ് മണിയൻ ഫെഡറൽ ബാങ്ക് മേധാവിയായി ചുതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.