2019ൽ യു.എ.ഇയിലെത്തിയ മുഹമ്മദ് കുട്ടിയെ പാട്ട് ആസ്വാദകർ ആദരിക്കുന്നു
ദുബൈ: പരമ്പരാഗത മാപ്പിളപ്പാട്ടുകളുടെ തന്മയത്വത്തെ പതിറ്റാണ്ടുകളോളം നെഞ്ചേറ്റുകയും ആ പാട്ടുശീലുകൾക്ക് പുതുജീവൻ പകരുകയും ചെയ്ത അനുഗൃഹീത കലാകാരനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മുഹമ്മദ് കുട്ടി അരീക്കോട്. സംഗീതാസ്വാദകർ സ്നേഹത്തോടെ ‘കുട്ടിക്ക’ എന്ന് വിളിച്ചിരുന്ന ഈ മുൻ പ്രവാസിയുടെ വിയോഗം ഇശലുകളുടെ ലോകത്തിന് തീരാനഷ്ടമാണ്. അരീക്കോട് ഉഗ്രപുരം സ്വദേശിയായ മുഹമ്മദ് കുട്ടി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഗായകൻ, സംഗീത സംവിധായകൻ, പ്രമുഖ ഹാർമോണിസ്റ്റ് എന്നീ നിലകളിൽ മാപ്പിളപ്പാട്ടിന്റെ പിന്നണിയിൽ മുഹമ്മദ് കുട്ടി അരീക്കോടിന്റെ നാമം സുപരിചിതമാണ്. ആയിരത്തിലധികം മനോഹര ഗാനങ്ങളാണ് അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ പിറവിയെടുത്തത്.
പ്രമുഖ സിനിമ പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ ആദ്യമായി ഒരു മാപ്പിളപ്പാട്ട് ആലപിച്ചത് മുഹമ്മദ് കുട്ടിയുടെ സംഗീത സംവിധാനത്തിലായിരുന്നു. സംഗീതത്തോടുള്ള അഭിരുചി കുട്ടിക്കയിൽ വളർത്തിയത് പട്ടാളക്കാരനായിരുന്ന പിതാവാണ്. പിതാവ് പാടി നൽകിയ ഹിന്ദി ഗാനങ്ങളുടെ മനോഹാരിതയിൽനിന്നാണ് സംഗീത ജീവിതത്തിന്റെ താളുകൾ അദ്ദേഹം തുന്നിച്ചേർത്തത്. പിതാവിന്റെ പ്രോത്സാഹനത്തിൽ സംഗീതത്തെ ജീവിത ലക്ഷ്യമായി സ്വീകരിച്ച അദ്ദേഹം, തുടർജീവിതംതന്നെ പാട്ടുകളുടെ വഴിയിൽ സമർപ്പിച്ചു. 14ാം വയസ്സിൽ പ്രമുഖ സംഗീതജ്ഞൻ എം.എസ്. ബാബുരാജിനെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ ഹാർമോണിയം വായന നേരിൽ കാണാനും ലഭിച്ച അവസരമാണ് കുട്ടിക്കയെ ഈ രംഗത്തേക്ക് കൂടുതൽ ആകർഷിച്ചത്. തുടർന്ന് പള്ളിക്കൽ മൊയ്തീൻ, തിരൂർ ഷാ, വിൻസെന്റ് മാസ് തുടങ്ങിയ ഗുരുക്കന്മാരിൽനിന്ന് അദ്ദേഹം ഹാർമോണിയവും ഹിന്ദുസ്ഥാനി സംഗീതവും ഹൃദിസ്ഥമാക്കി.
പാട്ടിനപ്പുറം ഹാർമോണിയം വായനയായിരുന്നു കുട്ടിക്കയുടെ മാസ്റ്റർ പീസ്. കേരളത്തിലെ പ്രമുഖരായ ഒട്ടുമിക്ക മാപ്പിളപ്പാട്ട് ഗായകർക്കും അദ്ദേഹം പിന്നണി വായിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് മുക്കത്ത് നടന്ന കോഴിക്കോട് താലൂക്ക് മുസ്ലിം ലീഗ് മഹാസമ്മേളന വേദിയിലാണ് മുഹമ്മദ് കുട്ടി അരീക്കോട് ആദ്യമായി പാടുന്നത്. പ്രസിദ്ധമായ “ഇബ്രാഹിം നബിയുള്ള ഉറക്കം പൂണ്ടെ...” എന്ന ഗാനമാണ് അന്ന് ആലപിച്ചത്.
മനോഹരമായ ഈ ഗാനം കേട്ട് വേദിയിലുണ്ടായിരുന്ന ബാഫഖി തങ്ങൾ അദ്ദേഹത്തെ അരികിലേക്ക് വിളിച്ച് പ്രശംസിക്കുകയും 10 രൂപ സമ്മാനമായി നൽകുകയും ചെയ്തിരുന്നു. സൗദിയിലും ഖത്തറിലുമായി പ്രവാസ ജീവിതം നയിച്ച അദ്ദേഹം നാട്ടിലെത്തിയ ശേഷം കലാരംഗത്ത് സജീവമാവുകയായിരുന്നു. 2019 ഒക്ടോബറിൽ യു.എ.ഇയിൽ മുഹമ്മദ് കുട്ടിയെ ശംസുദ്ദീൻ നെല്ലറയുടെ നേതൃത്വത്തിലുള്ള സംഗീതാസ്വാദകർ ചേർന്ന് ദുബൈയിൽ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.