റാസല്‍ഖൈമ: ബിസിനസ് പങ്കാളിയായ ഇന്ത്യക്കാരനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ കേസില്‍ സ്വദേശി ദമ്പതികള്‍ക്ക് പത്ത് വര്‍ഷവും ഗൂഢാലോചന ആസൂത്രണം ചെയ്ത ഭാര്യാ സഹോദരന് 15 വര്‍ഷവും തടവ് ശിക്ഷ വിധിച്ച് റാക് കോടതി.
അഭിവൃദ്ധിപ്പെടുന്ന കൂട്ടുകച്ചവടത്തിലെ ലാഭം ഒറ്റക്ക് കൈപ്പിടിയിലൊതുക്കണമെന്ന സ്വദേശി സംരംഭകന്റെ വ്യാമോഹമാണ് സഹ സംരംഭകനെതിരെ മയക്കുമരുന്ന് കേസ് ആസൂത്രണം ചെയ്തതിന് പിന്നിലെന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു.
കാറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് സഹ പങ്കാളിയെ കുടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ ഇന്ത്യന്‍ ബിസിനസുകാരന്റെ കാര്‍ പരിശോധിക്കുകയും മയക്കുമരുന്ന് കണ്ടെടുക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എന്നാല്‍, ചോദ്യം ചെയ്യലില്‍ ഇദ്ദേഹത്തിന് മയക്കുമരുന്നുമായി ബന്ധമില്ലെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തി. ബിസിനസ് പങ്കാളിയുമായി ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ സമഗ്രമായ അന്വേഷണത്തിന് മുതിരുകയായിരുന്നു. ഇത് ഇന്ത്യന്‍ ബിസിനസുകാരന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് സഹായിച്ചു. പാർട്ണർഷിപ്പ് ബിസിനസ് സ്വന്തമാക്കുന്നതിന് ഭാര്യയുടെ ബുദ്ധിയിലുദിച്ച ആശയത്തിലാണ് സഹ സംരംഭകനായ ഇന്ത്യക്കാരനെ മയക്കുമരുന്ന് കേസിലകപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ചോദ്യം ചെയ്യലിൽ സംരംഭകൻ സമ്മതിച്ചു.
മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ള ഭാര്യാ സഹോദരനുമായി സഹ സംരംഭകനെ കുടുക്കുന്നതിനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു. പാര്‍ട്ണര്‍ഷിപ്പ് ഒഴിവാക്കാനും ലാഭം മുഴുവനും സ്വന്തമാക്കാനുമുള്ള അതിമോഹത്തില്‍ സഹ സംരംഭക കാറില്‍ ഭാര്യാ സഹോദരന് വഴി മയക്കുമരുന്ന് നിക്ഷേപിക്കുകയായിരുന്നുവെന്നും പ്രതി കുറ്റസമ്മതം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.