അജ്മാന്: അന്താരാഷ്ട്ര യാത്രക്കാരുടെ ക്വാറൻറീൻ വിഷയത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം നിരവധി പ്രവാസികളുടെ യാത്രയെ കാര്യമായി ബാധിക്കും. യു.എ.ഇയില്‍ പുതുതായി നിലവില്‍വന്ന പുതിയ വാരാന്ത്യ അവധി ഉപയോഗപ്പെടുത്തി നിരവധി പേരാണ് ചുരുങ്ങിയ ദിനത്തെ അവധിക്ക് നാട്ടിലേക്ക് തിരിക്കാന്‍ തയാറെടുത്തിരുന്നത്. മൂന്നുദിവസം വരെ ലഭിക്കുന്ന വാരാന്ത്യ അവധി ഉപയോഗപ്പെടുത്തി അത്യാവശ്യ കാര്യങ്ങള്‍ക്ക് നാട്ടിലേക്ക് തിരിക്കാനിരുന്ന നിരവധി പേര്‍ക്ക് പുതിയ നിയമംമൂലം യാത്ര റദ്ദാക്കേണ്ടി വന്നു. രണ്ടും മൂന്നും വാക്സിനും ബൂസ്റ്റര്‍ ഡോസും യാത്രക്ക് മുമ്പും ശേഷവും പി.സി.ആര് ടെസ്റ്റും നടത്തി നെഗറ്റിവ് ഫലം ലഭിക്കുന്ന പ്രവാസികള്‍ക്ക് ഏഴുദിവസത്തെ ക്വാറൻറീൻ എന്നത് തികച്ചും അശാസ്ത്രീയമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഒഴിവാക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ക്ക് നാട്ടില്‍ പോകാനിരുന്ന കുടുംബമടക്കമുള്ള നിരവധിപേരാണ് പുതിയ നിയമത്തെത്തുടര്‍ന്ന് യാത്ര ഒഴിവാക്കിയതെന്ന് ട്രാവല്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വ്യക്തമാക്കുന്നു. പ്രവാസികളുടെ വിഷയങ്ങള്‍ക്കുനേരെ അധികൃതര്‍ കാണിക്കുന്ന അവഗണനയുടെ അവസാനത്തെ ഉദാഹരണമാണ്, ടെസ്റ്റ് റിസൽട്ട് നെഗറ്റിവ് ആയിവരുന്ന പ്രവാസികളോടുള്ള ഈ നിലപാടെന്നാണ് പ്രവാസി കൂട്ടായ്മകള്‍ പ്രതികരിക്കുന്നത്. നാട്ടിലെ വിമാനത്താവളങ്ങളില്‍ ആര്.ടി.പി.സി.ആര് ടെസ്റ്റിനു വന്‍തുക ഈടാക്കുന്നത് ഒഴിവാക്കണമെന്ന പ്രവാസികളുടെ ആവശ്യം നിലനില്‍ക്കുമ്പോഴാണ് ഇടിത്തീപോലെ പുതിയ ക്വാറൻറീൻ നിയമം പ്രവാസികള്‍ക്കുമേല്‍ സര്‍ക്കാര്‍ അടിച്ചേൽപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.