ദുബൈ എക്സ്പോ സിറ്റിയിൽ നടന്ന ക്രിസ്മസ് ആഘോഷം
ദുബൈ: മരുഭൂമിയിലും മനസ്സിലും നക്ഷത്രദീപം തെളിയിച്ച് യു.എ.ഇയിലെ ഇന്ത്യൻ പ്രവാസിസമൂഹം തിരുപ്പിറവി ആഘോഷിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ രണ്ട് വർഷത്തിന് ശേഷം ഏറ്റവും കൂടുതൽ വിശ്വാസികൾ പള്ളികളിലെത്തിയ ക്രിസ്മസ് കൂടിയായിരുന്നു ഇത്തവണത്തേത്. യു.എ.ഇയിൽ വാരാന്ത്യ അവധിയും ക്രിസ്മസും ഒരുമിച്ചുവന്നതിനാൽ കുടുംബങ്ങളുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും കൂടിച്ചേരലിന്റെ വേദികൂടിയായി മാറി.
യു.എ.ഇയിലെ വിവിധ പള്ളികളിൽ ശനിയാഴ്ച വൈകീട്ട് മുതൽ ക്രിസ്മസ് ശുശ്രൂഷ നടന്നിരുന്നു. പാതിരാക്കുർബാനയിലും പ്രാർഥനയിലും ഓരോ പള്ളിയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചില പള്ളികളിൽ ഞായറാഴ്ച പുലർച്ചവരെ ചടങ്ങുകൾ നീണ്ടു. ക്രിസ്മസ് പ്രമാണിച്ച് വിനോദസഞ്ചാരമേഖലയിലും വൻ തിരക്കാണനുഭവപ്പെട്ടത്. എല്ലാ വിനോദകേന്ദ്രങ്ങളും നിറഞ്ഞുകവിഞ്ഞിരുന്നു. പാർക്കുകളിലും മരുഭൂമിയിലെ കേന്ദ്രങ്ങളിലുമെല്ലാം കുടുംബങ്ങൾ എത്തി. പലയിടത്തും തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടു. ദുബൈ എക്സ്പോ സിറ്റിയിലെ അൽവാസൽ ഡോമിൽ കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കിയിരുന്നു. ഡോമിനുള്ളിൽ വിവിധ ആഘോഷങ്ങളും സംഘടിപ്പിച്ചു.
ഗ്ലോബൽ വില്ലേജിലും സഫാരി പാർക്കിലും ദുബൈ ഗാർഡനിലും അബൂദബി യാസ് ഐലൻഡിലും ഷാർജ അൽ മജാസിലും മറ്റ് എമിറേറ്റുകളിലെ പാർക്കുകളിലുമെല്ലാം പ്രവാസി സന്ദർശകർ എത്തി. എമിറേറ്റുകൾ കടന്ന് കുടുംബങ്ങൾ ഒത്തുചേർന്നു. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. വാരാന്ത്യമായതിനാൽ ചിലർ ദീർഘദൂര യാത്രകളും നടത്തി. ഞായറാഴ്ച വാരാന്ത്യ അവധിയായി പ്രഖ്യാപിച്ചശേഷം എത്തുന്ന ആദ്യത്തെ ക്രിസ്മസെന്ന പ്രത്യേകതയുമുണ്ട്.
വേനൽക്കാല അവധിയായതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടിലേക്ക് പോയെങ്കിലും നല്ലൊരു ശതമാനം പ്രവാസികളുടെയും ക്രിസ്മസ് ആഘോഷം യു.എ.ഇയിൽതന്നെയാണ് ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.