ദുബൈ: ഉടമ പോലും അറിയാതെ മെഡിക്കൽ സ്റ്റോറിൽനിന്ന് മോഷ്ടിച്ച ഒന്നേകാൽ ലക്ഷം ദിർഹം വില വരുന്ന മെഡിക്കൽ ഉൽപന്നങ്ങൾ മോഷ്ടാക്കളിൽനിന്ന് കണ്ടെത്തി ദുബൈ പൊലീസ്. അടുത്തിടെ അറസ്റ്റിലായ കവർച്ചസംഘത്തെ ചോദ്യം ചെയ്തതിൽനിന്നാണ് പലപ്പോഴായി നടന്ന മോഷണ വിവരം പൊലീസിന് ലഭിച്ചത്. മെഡിക്കൽ സ്റ്റോറിനോട് ചേർന്ന വെയർ ഹൗസിൽനിന്നാണ് ലക്ഷങ്ങൾ വിലവരുന്ന ഉൽപന്നങ്ങൾ കവർച്ച ചെയ്തത്. പല സമയങ്ങളിലായി നടന്ന മോഷണവിവരം പൊലീസ് ധരിപ്പിച്ചപ്പോഴാണ് ഉടമ അറിയുന്നത്. സംശയകരല്ലാത്ത രീതിയിലായിരുന്നു മോഷണം.
ദുബൈയിലെ അൽ റഫ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വെയർ ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി ടീം അൽ റഫ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് നടത്തിയ അന്വേഷണമാണ് ഫലം കണ്ടതെന്ന് ആക്ടിങ് ഡയറക്ടർ ബ്രഗേഡിയർ ഗാലിബ് അൽ ഖാഫി പറഞ്ഞു. സുരക്ഷ പഴുതുകൾ, വിവരങ്ങൾ തേടൽ, പ്രാദേശികമായ വിഷയങ്ങൾ അഭിമുഖീകരിക്കൽ എന്നിവക്കായാണ് ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി ടീം രൂപവത്കരിച്ചത്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ച് പൊതുജന സുരക്ഷ ശക്തിപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2023ൽ ടീം രൂപവത്കരിച്ചതു മുതൽ നിരവധി അൽ റഫ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രധാനപ്പെട്ട നിരവധി അന്വേഷണങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.
1333 സുരക്ഷ വിവരങ്ങളാണ് ടീമിന് നേടായത്. കൂടാതെ 738 കേസുകൾ പരിഹരിക്കാനും ടീമിന് സാധിച്ചു. കുറ്റകൃത്യങ്ങൾക്കെതിരായ നടപടികൾക്കും മോശം പ്രവണതകൾ തടയുന്നതിലുമുള്ള സ്തുത്യർഹ സേവനത്തിന് രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സംഘടനകളിൽനിന്ന് 27 അനുമോദനങ്ങളും ടീം നേടിയതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.