ദുബൈ: രാജ്യത്തെ പ്രാദേശിക വിപണികളിൽ മരുന്നുകളുടെ സുഗമമായ വിതരണം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പ്രധാന മെഡിക്കൽ വെയർഹൗസുകളിലുടനീളം പരിശോധന നടത്തി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇ.ഡി.ഇ).
ഈ വർഷം ഇതുവരെ നടത്തിയത് 568 പരിശോധനകളാണ്. മാർച്ചിൽ ഇതുവരെ നടന്ന 86 പരിശോധനകളും ഇതിൽ ഉൾപ്പെടും. അവശ്യ മരുന്നുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വിപണികളുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും സുസ്ഥിരമായ ലഭ്യത നിലനിർത്തുന്നതിനും നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനയെന്ന് ഇ.ഡി.ഇ പ്രസ്താവനയിൽ അറിയിച്ചു.
ഔഷധ നിർമാണ മേഖലയെ നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമ ചട്ടക്കൂട് വികസിപ്പിക്കാനുള്ള കൃത്യമായ കാഴ്ചപ്പാടുകളും ഇ.ഡി.ഇ രൂപപ്പെടുത്തിയിട്ടുണ്ട്. മരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം ഔഷധ സംഭരണ കേന്ദ്രങ്ങൾ രാജ്യത്തെ നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് പരിശോധനയുടെ ലക്ഷ്യം. കൂടാതെ ഔഷധ മേഖലകളിലുടനീളം മികച്ച രീതികൾ അവലംബിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രണപരമായ കാര്യക്ഷമത മെച്ചപ്പെടുത്താനും പരിശോധന സഹായകമായി.
രാജ്യത്തുടനീളം മെഡിക്കൽ ഷിപ്പ്മെന്റുകളുടെ നീക്കം സുഗമമാക്കുന്നതിനും മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായുള്ള കർശനമായ ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിച്ചാണോ അംഗീകൃത വെയർഹൗസുകളിൽ മരുന്നുകൾ സൂക്ഷിപ്പ് എന്നും പരിശോധനയിൽ ഉറപ്പുവരുത്തിയതായി ഇ.ഡി.ഇ വ്യക്തമാക്കി. ദീർഘകാല ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന വിധത്തിലാണ് മരുന്നുകളുടെ സംഭരണമെന്നാണ് വിപണികളിൽ നിന്നുള്ള ഡാറ്റകൾ സൂചിപ്പിക്കുന്നതെന്ന് ഇ.ഡി.ഇ ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കാബി പറഞ്ഞു. ബന്ധപ്പെട്ട പ്രാദേശിക അതോറിറ്റികളുമായി ചേർന്ന് ദൈനം ദിന മരുന്ന് വിതരണ രംഗത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ ഇടപെടലുകൾ യഥാസമയം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.