ദുബൈയിൽ വ്യാജ ഡ്രൈവിങ് ലൈസൻസ് സംഘം പിടിയിൽ
ദുബൈ: അയൽരാജ്യങ്ങളിൽനിന്ന് വ്യാജമായി ലൈസൻസുകൾ തരപ്പെടുത്തി യു.എ.ഇ ലൈസൻസുകളിലേക്ക് മാറ്റിയെടുത്ത എട്ടംഗ സംഘത്തെ ദുബൈ പൊലീസ് പിടികൂടി. വിദേശ രാജ്യങ്ങളിലെ ലൈസൻസുകൾ പരീക്ഷകളോ പരിശീലനമോ ഇല്ലാതെ യു.എ.ഇ ലൈസൻസിലേക്ക് മാറ്റിയെടുക്കാൻ സഹായിക്കുന്ന അന്താരാഷ്ട്ര കരാറുകളെ ദുരുപയോഗം ചെയ്താണ് ഈ സംഘം തട്ടിപ്പ് നടത്തിയത്.
ഒരുവിധ പരീക്ഷകളോ പരിശീലനങ്ങളോ യാത്രകളോ ഇല്ലാതെ ലൈസൻസൊന്നിന് 10,000 ദിർഹം വീതമാണ് പ്രതികൾ ഈടാക്കിയിരുന്നത്. ദുബൈ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെന്റ്, വിദേശകാര്യ മന്ത്രാലയം, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) എന്നിവർ സംയുക്തമായാണ് ഈ തട്ടിപ്പ് സംഘത്തെ പിടികൂടിയത്.
യു.എ.ഇയിലെ വിവിധ ഇടപാട് സ്ഥാപനങ്ങൾ വഴിയാണ് പ്രതികൾ ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. നിയമപരമായ പരിശീലനങ്ങളും ടെസ്റ്റുകളും ഒഴിവാക്കി ലൈസൻസ് വാഗ്ദാനം ചെയ്ത ഇവർ, പൊതുറോഡുകളുടെ സുരക്ഷക്കും നിയമങ്ങൾക്കും വലിയ ഭീഷണിയാണ് സൃഷ്ടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം വ്യാജ ലൈസൻസുകൾ പണം നൽകി സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്കെതിരെയും കർശന നിയമനടപടികളും പിഴയും ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ഔദ്യോഗിക നടപടിക്രമങ്ങൾ മാത്രം പാലിച്ച് അംഗീകൃത സ്ഥാപനങ്ങൾ വഴി ലൈസൻസ് നേടണമെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അധികാരികളെ അറിയിക്കണമെന്നും ദുബൈ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.