എൻസെംബിൾ തിയറ്റർ ഫെസ്റ്റ് അജ്മാൻ സമാപന സമ്മേളനത്തിൽ നടൻ ശിവജി ഗുരുവായൂർ സംസാരിക്കുന്നു
അജ്മാൻ: എൻസെംബിൾ തിയറ്റർ ഫെസ്റ്റ് അജ്മാൻ എന്ന പേരിൽ ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാൻ സംഘടിപ്പിച്ച നാടകോത്സവം സമാപിച്ചു. നടൻ നെടുമുടി വേണുവിന്‍റെ സ്മരണാർഥമാണ് തിയറ്റർ ക്രിയേറ്റിവ് ഷാർജയുടെ സഹകരണത്തോടെ നാടകോത്സവം സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിൽ നാടക-സിനിമ നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി. ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാൻ പ്രസിഡന്‍റ് ജാസിം മുഹമ്മദ് വിജയികളെ പ്രഖ്യാപിച്ചു. ചമയം തിയറ്റർ ഷാർജ അവതരിപ്പിച്ച 'കൂമൻ' മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. അൽ ഖൂസ് തിയറ്റർ ദുബൈ അവതരിപ്പിച്ച 'വില്ലേജ് ന്യൂസ്' രണ്ടാം സ്ഥാനം കരസ്ഥമാക്കി.
'കൂമൻ' നാടകത്തിലൂടെ മികച്ച സംവിധായകനായി പ്രകാശ് തച്ചങ്ങാടും നടനായി നൗഷാദ് ഹസ്സനും നടിയായി ശീതൾ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള സ്‌പെഷൽ ജൂറി അവാർഡ് 'വില്ലേജ് ന്യൂസ്' നാടകത്തിലൂടെ ജി. സോണിയ സ്വന്തമാക്കി. സഹനടനായി 'പത്താം ഭവനം' നാടകത്തിലൂടെ സാജിദ് കൊടിഞ്ഞിയും സഹനടിയായി 'ആരാണ് കള്ളൻ' നാടകത്തിലെ ദിവ്യ ബാബുരാജും ബാലതാരമായി അതുല്യ രാജും തിരഞ്ഞെടുക്കപ്പെട്ടു. 'ദി ബ്ലാക്ക് ഡേ'എന്ന നാടകത്തിൽ പ്രകാശവിതാനം ചെയ്ത അസ്‌കർ, രംഗസജ്ജീകരണം ചെയ്ത ശ്രീജിത്ത്, ചമയം ചെയ്ത ഗോകുൽ അയ്യന്തോൾ എന്നിവരും പുരസ്‌കാരങ്ങൾക്ക് അർഹരായി. മികച്ച പശ്ചാത്തല സംഗീതത്തിന് കൂമനിലെ ഷെഫി അഹമ്മദും മനോരഞ്ജനും അവാർഡ് നേടി. യു.എ.ഇയിലെ കലാകാരൻ നിസാർ ഇബ്രാഹിം രൂപകല്പന ചെയ്ത ശില്പങ്ങളാണ് വിജയികൾക്ക് സമ്മാനിച്ചത്.
സമാപന സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള നാടക പ്രവർത്തകരായ വാസൻ പുത്തൂർ, രാജു പൊടിയാൻ, ഷാർജ തിയറ്റർ ക്രിയേറ്റിവ് പ്രതിനിധി നിസാർ ഇബ്രാഹിം എന്നിവർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ ജനറൽ സെക്രട്ടറി സുജികുമാർ പിള്ള സ്വാഗതവും ട്രഷറർ ഗിരീശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.