ഇ-​സ്കൂ​ട്ട​റു​ക​ൾ

ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി


ദുബൈ: എമിറേറ്റിൽ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ നിയമലംഘനങ്ങൾ തുടർക്കഥയാകുന്നതായി അധികൃതർ. നിശ്ചയിക്കപ്പെടാത്ത സ്ഥലങ്ങളിൽ പാർക്കിങ് ചെയ്യുക, ഇ- സ്കൂട്ടറുകൾ തിരിച്ചറിയുന്നതിനും ശ്രദ്ധിക്കപ്പെടുന്നതിനും നിശ്ചയിച്ച തിരിച്ചറിയൽ ലേബലുകൾ, ലോഗോകൾ, നിറങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് ഏറ്റവും കൂടുതലായി കണ്ടെത്തുന്ന നിയമലംഘനങ്ങളെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ പരിശോധനകളും ബോധവത്കരണ പരിപാടികളും ശക്തമാക്കിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവർക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ ഗതാഗത സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടികൾ സ്വീകരിച്ചുവരുന്നതെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസി ഡയറക്ടർ മുഹമ്മദ് അൽ മുഹൈരി പറഞ്ഞു.

ഇ-സ്കൂട്ടർ റൈഡർമാർ പാലിക്കേണ്ട നിയമങ്ങൾ, ഹെഡ്‌ലൈറ്റുകൾ, പിൻഭാഗത്തെ ലൈറ്റുകൾ, സ്റ്റിയറിങ് വീൽഹോൺ, ഫ്രണ്ട് ആൻഡ് റിയർ റിഫ്ലക്ടർ, ഫ്രണ്ട് ആൻഡ് റിയർ ബ്രേക്കുകൾ തുടങ്ങിയ ഇ-സ്‌കൂട്ടറുകളുടെ സാങ്കേതിക സവിശേഷതകൾ, പാലിക്കേണ്ട വേഗത പരിധി എന്നിവയാണ് ബോധവത്കരിക്കുന്നത്.

പാർക്കിങ് കാര്യത്തിലാണ് മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനങ്ങൾ കൂടുതലായി കാണുന്നതെന്ന് അധികൃതർ പറയുന്നു. ആർ‌.ടി.‌എ നിശ്ചയിച്ച പാർക്കിങ് സ്ഥലങ്ങൾക്ക് പുറത്തെ നടപ്പാതകളിൽ ഇ-സ്‌കൂട്ടറുകൾ പാർക്ക് ചെയ്യുന്നതും കാൽനടയാത്രക്കാരെയും മറ്റും തടസ്സപ്പെടുത്തുന്ന വിധത്തിൽ പാർക്ക് ചെയ്യുന്നതും കൂടുതലാണ്.

അംഗീകൃത ഓപ്പറേറ്റർമാർക്ക് ദുബൈയിൽ 10 സ്ഥലങ്ങളിൽ പൊതു ഉപയോഗത്തിനായി ഇ-സ്കൂട്ടറുകൾ വാടകക്ക് നൽകാൻ അനുവാദമുണ്ട്.

ഇവിടങ്ങളിലാണ് കൂടുതലായി ഇ-സ്കൂട്ടർ ഉപയോക്താക്കളുള്ളത്. ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക പെർമിറ്റ് ആവശ്യമാണെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സാധുവായ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഈ നിയമം ബാധകമല്ല.

Tags:    
News Summary - E-scooter violations on the rise; The inspection has been strengthened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.