നീതി ലഭിച്ചില്ല; ഇ. അഹമ്മദിന്‍െറ മക്കള്‍ സുപ്രീംകോടതിയിലേക്ക് VIDEO

ദുബൈ: മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്‍െറ മരണം സംബന്ധിച്ച തങ്ങളുടെ സംശയങ്ങള്‍ക്കും പരാതികള്‍ക്കും ഇതുവരെ ഉത്തരം ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്‍െറ മകള്‍ ഡോ. ഫൗസിയയും ഭര്‍ത്താവ് ഡോ. ബാബു ഷെര്‍സാദും. ഈ സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ഇരുവരും ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിതാവിന്‍െറ  മരണം സംബന്ധിച്ച് ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നടന്ന കാര്യങ്ങള്‍പുറത്തു കൊണ്ടു വരുന്നതിനൊപ്പം ഇന്ത്യയില്‍ രോഗികളുടെ അവകാശങ്ങള്‍ നിര്‍ണയിക്കുന്ന നിയമം കൊണ്ടുവരാനും പരിശ്രമിക്കുമെന്ന് ഡോ. ഫൗസിയ വ്യക്തമാക്കി.

ഉപ്പ മരിച്ചിട്ട് ഒരു മാസമാകുന്നു. ഇപ്പോഴും ഒന്നിനും ഉത്തരം ലഭിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല. മെഡിക്കല്‍ റിപ്പോര്‍ട്ടോ പരിശോധനാ ഫലങ്ങളോ പോലും ലഭിച്ചില്ല. ആശുപത്രി അധികൃതര്‍ ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ആശ്വാസ വാക്കുകള്‍ പോലും പറഞ്ഞില്ല. ഞങ്ങള്‍ക്ക് മറ്റൊന്നും വേണ്ട. സത്യം അറിഞ്ഞാല്‍ മാത്രം മതി. വിവരാവകാശ നിയമമനുസരിച്ച് ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ് നല്‍കിയ അപേക്ഷക്ക് ഇതുവരെ മറുപടി ലഭിച്ചില്ല. നാലാഴ്ചക്കകം മറുപടി നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടിട്ടും ഒന്നുമുണ്ടായില്ല. പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രിക്കും ലോക്സഭാ സ്പീക്കര്‍ക്കും കത്തെഴുതിയിരുന്നു. ഇത് ഇങ്ങനെ അവസാനിപ്പിക്കാനാകില്ല. ഇതില്‍ വലിയ  മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്. ശരിയായ അന്വേഷണത്തിലൂടെ മാത്രമേ നടന്ന കാര്യങ്ങള്‍ പുറത്തുവരൂ.
പരമാവധി 30 മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കുന്ന യന്ത്രം 10 മണിക്കൂറിലേറെയാണ് ഉപ്പയുടെ ദേഹത്ത് പ്രവര്‍ത്തിപ്പിച്ചത്. ഇത്രയധികം നേരം ഇത് ഉപയോഗിച്ചത് ശരിയല്ലെന്ന് ഡ്യൂട്ടി ഡോക്ടര്‍ തന്നെ സമ്മതിച്ചതായി ഡോ. ഫൗസിയ പറഞ്ഞു.

അതിന് മുമ്പ് തന്നെ ഉപ്പ മരണപ്പെട്ടിരുന്നു എന്നാണ് മനസ്സിലാകുന്നത്. ജീവനുള്ളവരില്‍ തന്നെ ഇതു ചെയ്യരുത്. പിന്നെ മൃതശരീരത്തില്‍ ചെയ്തതിന് എന്തു ന്യായീകരമാണുള്ളത്. ചികിത്സയും മറ്റു നടപടികളുമെല്ലാം നാടകമായിരുന്നുവെന്ന്  ഡോ. ബാബു ഷെര്‍സാദ് പറഞ്ഞു. 10 മണിക്കൂര്‍ ഇത് ശരീരത്തില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വാരിയെല്ല് പൊട്ടിക്കാണും. അതുകൊണ്ടാണ് മുഖവും ശരീരവും തടിച്ചുവീര്‍ത്തത്. എന്തുകൊണ്ട് ആശുപത്രിക്കാര്‍ ഇതു ചെയ്തു എന്നതിന് ഉത്തരമില്ല. രോഗിയുടെ ബന്ധുക്കള്‍ ഇതൊന്നും അറിയാന്‍ പോകുന്നില്ലെന്നും അതിനെ ചോദ്യം ചെയ്യില്ലെന്നുമാണ് ഡോക്ടര്‍മാരുടെ ധാരണ.

മിക്ക രാജ്യങ്ങളിലൂം രോഗികളുടെ അവകാശം ആശുപത്രികളില്‍ എഴുതിവെച്ചിട്ടുണ്ടാകും. ഇന്ത്യയില്‍ രോഗികളുടെ അവകാശം എന്നൊന്നില്ല. ഉപഭോക്തൃ സംരക്ഷണ നിയമത്തിനു കീഴിലാണ് പരാതി നല്‍കാനാവുക. ഇതു മാറണം. രോഗികളുടെ അവകാശങ്ങള്‍ കൃത്യമായി വിശദമാക്കുന്ന ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കി നിയമമാക്കണം. ഇതുസംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വേണം. എന്താണ് രോഗം, അതിനുള്ള ചികിത്സ എന്തെല്ലാമാണ്, രോഗം ഭേദമാകാനുള്ള സാധ്യത എത്രയാണ് എന്നതെല്ലാം രോഗിയുടെ അവകാശമാണ്. ഭേദമാകില്ലെങ്കില്‍ ആ വിവരം രോഗിയെ അറിയിക്കലും ഡോക്ടറുടെ കടമയാണ്.

ആര്‍.എം.എല്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഒരു കൂസലുമില്ലാതെയാണ് സംസാരിച്ചതും പ്രവര്‍ത്തിച്ചതും ആശ്്ചര്യജനകമാണ്. ഉപ്പയൂടെ മരണ ശേഷം പലരും തങ്ങളോട് അവരുടെ ഇത്തരം അനുഭവങ്ങള്‍ പറഞ്ഞു. ഭാവിയില്‍ ഇത് ഇന്ത്യയില്‍ വലിയ പ്രശ്നമാകുമെന്നാണ് ഇത് കാണിക്കുന്നത്. ഈ അനീതി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് ഉപ്പ വിട്ടുപോയത്. ഡോക്ടര്‍മാരായത് കൊണ്ടു മാത്രമാണ് തങ്ങള്‍ക്ക് ഇത് മനസ്സിലായത്. ഡോക്ടര്‍മാര്‍ ഇങ്ങനെ പെരുമാറുന്നത് നിര്‍ത്തണം. ഇതുറപ്പാക്കാന്‍ നിയമം ഉണ്ടായേ തീരൂ. രോഗികളുടെ അവകാശം സംബന്ധിച്ച ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ താന്‍ തയാറാക്കിയിട്ടുണ്ടെന്ന് ദുബൈ വനിതാ മെഡിക്കല്‍ കോളജ് അധ്യാപിക കൂടിയായ ഡോ. ഫൗസിയ പറഞ്ഞു.

ഈ നിയമമുള്ള രാജ്യത്താണ് ഇതു സംഭവിച്ചതെങ്കില്‍ ആശുപത്രി ഇപ്പോള്‍ അടച്ചുപൂട്ടിയിട്ടുണ്ടാകും. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. നീതി കിട്ടുമെന്ന് തന്നെയാണ് കരുതുന്നത്. സത്യത്തില്‍ നല്ല വിശ്വാസമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അതു പുറത്തുവരിക തന്നെ ചെയ്യും. അന്ന് ആശുപത്രിയിലുണ്ടായിരുന്ന മന:സാക്ഷിയുള്ള ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഒരിക്കല്‍ സത്യം പറയാന്‍ മുന്നോട്ടു വരുമെന്ന് തന്നെയാണ് വിശ്വാസമെന്ന് ഇരുവരും പറഞ്ഞു.

കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിന് വേണ്ടി മരണവിവരം വൈകിപ്പിക്കാന്‍ വേണ്ടിയാണോ ഇങ്ങനെ ചെയ്തതെന്ന ചോദ്യത്തിന് അതേക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്ന് അവര്‍ പറഞ്ഞു. ആശുപത്രിക്കാര്‍ ചെയ്ത കൃത്യവിലോപത്തിന് മാത്രമാണ് നമുക്ക് മുമ്പില്‍ ഇപ്പോള്‍ തെളിവുള്ളത്. മറ്റെല്ലാം അന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണ്. ഡല്‍ഹി മെഡിക്കല്‍ കൗണ്‍സിലിലും പരാതി നല്‍കുമെന്ന് ഇരുവരും പറഞ്ഞു.

Tags:    
News Summary - e ahamed death issue: Relative will submit petition to supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.