ബസ് യാത്രക്കാരെ പരിശോധിക്കുന്ന ആർ.ടി.എ ജീവനക്കാരൻ
ദുബൈ: കഴിഞ്ഞ വർഷം 25 പരിശോധന കാമ്പയിനുകളിലായി 6.06ലക്ഷം പരിശോധനകൾ പൂർത്തിയാക്കിയതായി റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. വ്യത്യസ്ത യാത്ര ഗതാഗത മേഖലകളിലെ നിയമലംഘനങ്ങൾ പിടികൂടുന്നതിനാണ് പരിശോധന നടത്തിയത്. ബസുകളിലും സമുദ്ര ഗതാഗത സംവിധാനങ്ങളിലും പണമടക്കാതെ യാത്ര ചെയ്യുന്നത് അടക്കമുള്ളവ കണ്ടെത്താനാണ് പരിശോധനകൾ ലക്ഷ്യമിട്ടത്. താമസക്കാർക്കും സന്ദർശകർക്കും എളുപ്പത്തിലുള്ളതും സുസ്ഥിരവുമായ ദൈനംദിന യാത്രസൗകര്യം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്നും അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
ചില പരിശോധനകൾ ദുബൈ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ്, എമിഗ്രേഷൻ വകുപ്പായ ഐ.സി.പി എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കിയതെന്ന് ആർ.ടി.എയിലെ പാസഞ്ചർ ട്രാൻസ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിങ് വകുപ്പ് ഡയറക്ടർ സഈദ് അൽ ബലൂഷി പറഞ്ഞു.
പൊതുഗതാഗത സംവിധാനത്തിലെ അനധികൃതമായ രീതികൾ കണ്ടെത്താനും ശരിയല്ലാത്ത സ്വഭാവങ്ങൾ തടയാനും ലക്ഷ്യമിട്ടാണ് പരിശോധനകൾ പൂർത്തിയാക്കിയത്. ഇത് നിയമലംഘനങ്ങൾ കുറയാനും സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബസുകളിലും സമുദ്ര ഗതാഗത സംവിധാനങ്ങളിലും മറ്റു സംവിധാനങ്ങളിലും പേമെന്റ് നടത്തുന്നത് പാലിക്കണമെന്നും ലോകോത്തര സേവനങ്ങൾ നൽകുന്നതിന് ആർ.ടി.എയുമായി സഹകരിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.