പുലർച്ചെ 3.30ന് യുവതിയുടെ ഫോൺ, പിന്നാലെ നിലച്ചു; ദുബൈ പൊലീസ് ഓപറേഷൻസ് റൂമിൽ നടന്നത് സിനിമയെ വെല്ലുന്ന നീക്കം

ദുബൈ: സമയം പുലർച്ചെ 3.30, ദുബൈ പൊലീസിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് അടിയന്തര ഫോൺകോൾ എത്തുമ്പോൾ അറ്റൻഡ് ചെയ്ത ഉദ്യോഗസ്ഥൻ കേട്ടത് വിറക്കുന്ന, അതീവ ക്ഷീണിതമായ ഒരു സ്ത്രീശബ്ദമായിരുന്നു. ‘സഹോദരാ, ഞാൻ ആ ഇന്റർസെക്ഷനിലുണ്ട്...’. അറബിയിലുള്ള ആ വാക്കുകൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഫോണിലെ ശബ്ദം പൂർണമായും നിലച്ചു. മൂന്ന് സെക്കൻഡിനുള്ളിൽ തന്നെ കാൾ സ്വീകരിച്ച ഉദ്യോഗസ്ഥൻ അപകടം മണത്തു. വിവരങ്ങൾ ആരാഞ്ഞെങ്കിലും നേർത്ത ചില മൂളലുകൾ മാത്രമാണ് മറുതലക്കൽ നിന്ന് കേൾക്കാനായത്. തൊട്ടുപിന്നാലെ അത് പൂർണമായും നിശ്ചലമായി.

സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ദുബൈ പൊലീസിന്റെ പ്രത്യേക ഡാറ്റാബേസിൽ ഉദ്യോഗസ്ഥൻ ഉടൻ തന്നെ നമ്പർ പരിശോധിച്ചെങ്കിലും വിവരങ്ങളൊന്നും കണ്ടെത്താനായില്ല. തുടർന്ന്, ദുബൈ പൊലീസിന്റെ എമർജൻസി കോൾ ലൊക്കേഷൻ സിസ്റ്റം ഉപയോഗിച്ച് കാൾ വന്ന സ്ഥലം ട്രാക്ക് ചെയ്തപ്പോൾ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപമുള്ള നദ്ദ് അൽ ശബ മേഖലയിലാണ് ഫോണുള്ളതെന്ന് കണ്ടെത്തി.

യാതൊരു സമയനഷ്ടവുമില്ലാതെ സമീപത്തുള്ള മുഴുവൻ പട്രോളിങ് സംഘങ്ങൾക്കും സന്ദേശം കൈമാറി. ​ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നുള്ള പ്രവേശന കവാട കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജിതമാക്കാൻ നിർദ്ദേശം നൽകി. അതേസമയം, എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ ശബ്ദങ്ങളോ അറിയാൻ എമർജൻസി കാൾ കട്ട് ചെയ്യാതെ ഉദ്യോഗസ്ഥൻ നിർത്തി.

നിമിഷങ്ങൾക്കകം, ആദ്യ പട്രോളിങ് സംഘം പൂട്ടിയിട്ട നിലയിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനം കണ്ടെത്തി. പട്രോളിങ് സംഘം കാറിന്റെ ജനലിൽ മുട്ടുന്ന ശബ്ദം ലൈവ് കോളിലുണ്ടായിരുന്ന ഓപ്പറേറ്റർക്കും കേൾക്കാമായിരുന്നു. പരിശോധനയിൽ ഡ്രൈവിങ് സീറ്റിൽ ബോധരഹിതയായി കിടക്കുന്ന യുവതിയെ കണ്ടു.

ഉടൻ തന്നെ റെസ്ക്യൂ ടീമിനെ സ്ഥലത്തേക്ക് അയച്ചു. പ്രധാന റോഡ് ശൃംഖലയിൽനിന്ന് മാറി മണൽ നിറഞ്ഞ പ്രദേശത്തായിരുന്നു കാർ കിടന്നിരുന്നതെങ്കിലും രക്ഷാപ്രവർത്തകർ വളരെ വേഗത്തിൽ സ്ഥലത്തെത്തി വാഹനം തുറന്ന് യുവതിയെ പുറത്തെടുത്തു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴേക്കുപോയതിനെ തുടർന്നാണ് യുവതിക്ക് ബോധക്ഷയമുണ്ടായതെന്ന് പിന്നീട് വ്യക്തമായി.

രക്ഷണപ്രവർത്തനങ്ങൾക്ക് ശേഷം ആശുപത്രിയിലെത്തിച്ച യുവതിയുടെ സുരക്ഷിതത്വം ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം നേരിട്ട് വിളിച്ച് അന്വേഷിച്ചു. ‘നിങ്ങൾ വളരെ വേഗത്തിലാണ് എത്തിയത്, എന്നെ മരണത്തിൽ നിന്ന് രക്ഷിച്ചത് നിങ്ങളാണ്’ എന്ന് യുവതി പൊലീസിനോട് കണ്ണീരോടെ നന്ദി പറഞ്ഞു.

ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം രചിച്ച ‘ഓപ്പറേഷൻസ് മാനേജ്‌മെന്റ് ഇൻ ക്രിട്ടിക്കൽ ഇൻസിഡന്റ്‌സ്, ക്രൈസസ് ആൻഡ് ഡിസാസ്റ്റേഴ്‌സ്’ എന്ന പുസ്തകത്തിലാണ് ജീവൻ രക്ഷിച്ച ഈ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ അവരുടെ വിവരങ്ങൾ ദുബൈ പൊലീസിന്റെ ‘ക്രിട്ടിക്കൽ മെഡിക്കൽ കേസസ്’ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഇത് അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കും.

Tags:    
News Summary - ദുബൈ പൊലീസ് ഓപറേഷൻസ് റൂമിൽ നടന്നത് സിനിമയെ വെല്ലുന്ന നീക്കം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.