ദുബൈ: ചെറിയ പെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി നഗരത്തിലെ സുരക്ഷ മുന്നൊരുക്കം വിലയിരുത്തി അധികൃതർ. എമിറേറ്റിലെ ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റിയാണ് പെരുന്നാൾ അവധി ദിനങ്ങൾക്ക് മുന്നോടിയായി സുരക്ഷ നടപടികൾ അവലോകനം ചെയ്തത്.
ദുബൈ പൊലീസ് ഓപറേഷൻസ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതിയുടെ അധ്യക്ഷതയിലാണ് ഏകോപന യോഗം ചേർന്നത്.
പൊലീസ് സ്റ്റേഷൻ ഡയറക്ടർമാർ, മാളുകളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും സുരക്ഷ മേധാവികൾ, കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
എല്ലാ പ്രധാന പള്ളികളും ഈദ് പ്രാർഥന സ്ഥലങ്ങളിലും റോഡുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, തുറന്ന മാർക്കറ്റുകൾ എന്നിവ ഉൾപ്പെടെ വിശദമായ സുരക്ഷ പദ്ധതി കമ്മിറ്റി അവതരിപ്പിച്ചു.
പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് ലഘൂകരിക്കുന്നതിനും സുഗമമായ ഗതാഗതം നിലനിർത്തുന്നതിനുമായി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്കും റോഡ്സ് ഗതാഗത അതോറിറ്റിയും ഏകോപിച്ച് പ്രധാന മേഖലകളിൽ പട്രോളിങ് നടത്തും.
സുരക്ഷക്കായി 34 സമുദ്ര സുരക്ഷ ബോട്ടുകൾ, രണ്ട് ഹെലികോപ്ടറുകൾ, 138 ആംബുലൻസുകൾ, 10 മറൈൻ റെസ്ക്യു ബോട്ടുകൾ, 51 ബൈസിക്ക്ൾ പട്രോളിങ് വാഹനങ്ങൾ, 471 പൊലീസ് പട്രോളിങ് വാഹനങ്ങൾ, 68 സിവിൽ ഡിഫൻസ് വാഹനങ്ങൾ, 24 ചെറിയ ട്രക്കുകൾ, 21 ഓഫ് റോഡ് റെസ്ക്യു വാഹനങ്ങൾ, അഞ്ച് ദ്രുതപ്രതികരണ വാഹനങ്ങൾ, അഞ്ച് ഓപറേഷൻ റൂമുകൾ എന്നിവയാണ് സജ്ജമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
റോഡുകളിൽ വേഗപരിധി പാലിക്കണമെന്നും അപകടകരമായ ഡ്രൈവിങ്ങിൽനിന്ന് വിട്ടുനിൽക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ജെറ്റ് സ്കൈ ഉപയോഗിക്കുന്നവർ കുടുംബങ്ങൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ബീച്ചുകളിലേക്ക് പോകുന്നവർ കുട്ടികളിൽ സൂക്ഷ്മ ശ്രദ്ധ പുലർത്തണമെന്നും കുട്ടികളെ പടക്കം ഉപയോഗിക്കാൻ അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.