ദുബൈ പൊലീസ് പിടികൂടിയ രാജ്യാന്തര കുറ്റവാളി
ദുബൈ: യൂറോപ്പിലെ ഏറ്റവും അപകടകരമായ ക്രിമിനൽ സംഘത്തെ പരാജയപ്പെടുത്തുന്നതിൽ സുപ്രധാനമായ പങ്ക്വഹിച്ച് ദുബൈ പൊലീസ്. എമിറേറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന സംഘത്തലവനായ മാർക്കോ ഡോർഡെവികിനെ ദുബൈ പൊലീസ് പിടികൂടിയതോടെയാണ് സംഘത്തെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞത്. ‘ഹാരിസ്’ എന്ന് പേരിട്ട അന്താരാഷ്ട്ര നീക്കത്തിലൂടെയാണ് പ്രതി പിടിയിലായതെന്ന് ദുബൈ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
യൂറോപോൾ, സെർബിയയിലെ ആഭ്യന്തര മന്ത്രാലയം, സ്പാനിഷ് നാഷനൽ പൊലീസ് എന്നിവരുടെ പിന്തുണയോടെയായിരുന്നു നീക്കം. ‘റാകാർസി’ അല്ലെങ്കിൽ മന്ത്രവാദിനികൾ എന്നറിയപ്പെടുന്ന നിഗൂഢ സംഘം നിരവധി ഏറ്റുമുട്ടലുകളിൽ പങ്കാളികളാണ്. 2014ൽ കവാക് ആൻഡ് സ്കൽജാരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി രാജ്യങ്ങളിലായി 60നടുത്ത് ആളുകളാണ് കൊല്ലപ്പെട്ടത്.
സെർബിയൻ അന്വേഷണ സംഘമാണ് റാകാർസിയുടെ ഉപസംഘമായ കവാക് ഗ്യാങ്ങിന്‍റെ തലവനായ മാർക്കോ ഡോർഡെവികിനെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ ഇന്‍റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ അറസ്റ്റിന് പിന്നാലെ സെർബിയൻ അതോറിറ്റി ബെൽഗ്രേഡിലും മറ്റ് സ്ഥലങ്ങളിലും നടത്തിയ 22 പരിശോധനയിൽ 10 പ്രതികൾ അറസ്റ്റിലാവും ഫോണുകൾ, ആഡംബര കാറുകൾ, വാച്ചുകൾ, മൂന്ന് ലക്ഷം യൂറോ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ വലൻസിയ, ബാർസിലോണ എന്നിവിടങ്ങളിൽ സ്പെയിൻ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് പേരെയും അറസ്റ്റു ചെയ്തു. ദുബൈ പൊലീസിന്‍റെ നടപടിയിൽ ലോക രാജ്യങ്ങൾ അഭിനന്ദം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.