ദുബൈ: ആഡംബര കാറുകളുടെ ശേഖരത്തിൽ മറ്റൊരു അതിഥിയെ കൂടി ഒപ്പം കൂട്ടി ദുബൈ പൊലീസ്. കോടീശ്വരന്മാരായ കാർ പ്രേമികളുടെ സ്വപ്ന വാഹനങ്ങളിലൊന്നായ ഔഡിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡൽ ആർ.എസ് ഇ-ട്രോൺ ജി.ടിയാണ് ദുബൈ പൊലീസ് സ്വന്തമാക്കിയത്.
ഇതോടെ ദുബൈ പൊലീസിന്റെ ഇലക്ട്രിക് കാറുകളുടെ എണ്ണം രണ്ടായി. ദുബൈ വേൾഡ് ട്രേഡ് സെന്റർ നടത്തുന്ന പ്രമുഖ കാർ പ്രോപർട്ടി ഷോയായ അറേബ്യൻ ട്രാവൽ മാർക്കറ്റ് (എ.ടി.എം) 2023ൽ കഴിഞ്ഞ ദിവസമാണ് കാർ അവതരിപ്പിച്ചത്.
ദുബൈയിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ മേൽനോട്ടത്തിന് പുതിയ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കാനാണ് തീരുമാനമെന്ന് മേജർ ജനറൽ ജമാൽ സലാം അൽ ജല്ലാഫ് പറഞ്ഞു. ജെ.ബി.ആർ, ഡൗൺ ടൗൺ, ദുബൈ മരീന എന്നിവ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന നഗരങ്ങളിൽ പരിശോധനക്കായി ഇത്തരം കാറുകൾ ഉപയോഗപ്പെടുത്തും.
646 എച്ച്.പി കരുത്തുള്ള മോഡലിൽ 800 വോൾട്ടിന്റെ ലിതിയം ബാറ്ററിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഫുൾ ചാർജിൽ 472 കിലോമീറ്റർ ഓടിയെത്താൻ കാറിന് സാധിക്കും. അഞ്ചു ശതമാനത്തിൽനിന്ന് 80 ശതമാനം ചാർജാവാൻ വെറും 22.5 മിനിറ്റ് മതി. മണിക്കൂറിൽ 3.3 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.