ദുബൈ ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 26 മുതൽ
ദുബൈ: ആരോഗ്യ സംരക്ഷണത്തിന്റെ ദുബൈ മാതൃകയായി വളർന്നുപന്തലിച്ച ഫിറ്റ്നസ് ചലഞ്ചിന്റെ എട്ടാം എഡിഷൻ ഒക്ടോബർ 26 മുതൽ. നവംബർ 24വരെ ഒരു മാസക്കാലയളവ് നീണ്ടുനിൽക്കുന്ന ചലഞ്ച് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2017ൽ ആരംഭിച്ച സംരംഭമാണിത്.
ഒരു മാസക്കാലം എല്ലാ ദിവസവും 30 മിനിറ്റ് സമയം വ്യായാമത്തിന് ഒഴിഞ്ഞുവെക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. ഈ കാലയളവിനിടയിൽ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിക്കപ്പെടും.
നടത്തം, ടീം സ്പോർട്സ്, പാഡ്ൽ ബോർഡിങ്, ഗ്രൂപ് ഫിറ്റ്നസ് ക്ലാസുകൾ, ഫുട്ബാൾ, യോഗ, സൈക്ലിങ് തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ദുബൈയുടെ പദവി ഉയർത്തുന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി നടപ്പിലാക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ ദുബൈ ഒന്നടങ്കം ഏറ്റെടുത്ത ചലഞ്ചിൽ ഇത്തവണ കൂടുതൽ പേർ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ചലഞ്ചിന്റെ ഭാഗമായ വൻ പരിപാടികളായ ദുബൈ റൈഡ്, ദുബൈ റൺ എന്നിവയും ഇത്തവണയും ഗംഭീരമായി ഒരുക്കും. ദുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപനംകുറിച്ചാണ് ദുബൈ റൺ ഒരുക്കാറുള്ളത്.
കുറഞ്ഞ സമയത്തിനുള്ളിൽ ലളിതമായി ചെയ്യാനാവുന്ന വ്യായാമങ്ങൾ ശീലമാക്കുന്നതോടെ ജീവിതശൈലി രോഗങ്ങൾ കുറക്കാനാവുമെന്നും എല്ലാവർക്കും ആരോഗ്യപ്രദവും സന്തോഷം നിറഞ്ഞതുമായ ജീവിതം സാധ്യമാക്കാമെന്നുമുള്ള സന്ദേശമാണ് ഫിറ്റ്നസ് ചലഞ്ച് പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.