വ്യാഴാഴ്ച തുറക്കുന്ന എക്സ്പോ സിറ്റിയിലെ ‘ഗാർഡൻ ഇൻ ദ സ്കൈ’ നിരീക്ഷണ ഗോപുരം
ദുബൈ: ലോകത്തെ വിസ്മയിപ്പിച്ച എക്സ്പോ 2020 ദുബൈ വേദിയിലെ സുപ്രധാന പവലിയനുകൾ വ്യാഴാഴ്ച മുതൽ വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. മൊബിലിറ്റി(അലിഫ്), സസ്റ്റയ്നബിലിറ്റി (ടെറ) പവലിയനുകളിലേക്കും 'ഗാർഡൻ ഇൻ ദ സ്കൈ' ഭാഗത്തേക്കുമാണ് സെപ്റ്റംബർ ഒന്നുമുതൽ പ്രവേശനമനുവദിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച് ഈ വർഷം മാർച്ച് വരെ നീണ്ട ആറുമാസത്തെ എക്സ്പോ അനുഭവങ്ങൾ ഒരിക്കൽക്കൂടി ആസ്വദിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്. എക്സ്പോ സിറ്റി ദുബൈയുടെ പൂർണമായ പ്രവർത്തനം ഒക്ടോബർ ഒന്നുമുതൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
അഞ്ച് വയസ്സിൽ കുറഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമാണ് ഇവിടെ സൗജന്യം. സ്കൂൾ കുട്ടികൾ ധാരാളമായി പഠനയാത്രകൾക്കും മറ്റുമായി ഇവിടെ എത്തിച്ചേരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
പവലിയനുകൾ രാവിലെ 10 മുതൽ ആറുവരെയും നിരീക്ഷണ ഗോപുരം വൈകീട്ട് മൂന്നുമുതൽ ആറു വരെയുമാണ് പ്രവർത്തിക്കുക. ചരിത്രത്തിലുടനീളം മനുഷ്യ പുരോഗതി കടന്നുവന്ന വഴികളെ അടയാളപ്പെടുത്തുന്ന രീതിയിലാണ് മൊബിലിറ്റി പവലിയൻ ഒരുക്കിയിട്ടുള്ളത്. എക്സ്പോ 2020 ദുബൈയുടെ സമയത്ത് ഏറെ ആകർഷിക്കപ്പെട്ടതാണിത്. സമുദ്രത്തിലൂടെയും വനത്തിലൂടെയും സഞ്ചരിക്കുന്ന അനുഭവം സമ്മാനിക്കുന്ന സസ്റ്റയ്നബിലിറ്റി പവലിയൻ പരിസ്ഥിതിയുമായുള്ള ബന്ധം പുനർവിചിന്തനം ചെയ്യാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്ന പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്.
എക്സ്പോ നഗരിയിൽ സന്ദർശകരെ ആകർഷിച്ച മറ്റുള്ള സംവിധാനങ്ങൾ ഒക്ടോബറിലാണ് തുറക്കുക. കുമൺസ് പവലിയൻ, വിഷൻ പവലിയൻ, കുട്ടികളുടെ കളിസ്ഥലം എന്നിവയിലും ഇതിനൊപ്പം സന്ദർശകർക്ക് പ്രവേശനമനുവദിക്കും. ഓപർച്വുനിറ്റി പവലിയൻ എക്സ്പോ 2020 ദുബൈ മ്യൂസിയമായി പിന്നീടായിരിക്കും തുറക്കുക. വിശ്വമേളകളുടെ ചരിത്രവും സ്വാധീനവും എടുത്തുകാണിക്കുന്നതും എക്സ്പോ 2020 ദുബൈയുടെ വിജയം ആഘോഷിക്കുന്നതുമായിരിക്കും മ്യൂസിയം.
എക്സ്പോ നഗരിയിലേക്ക് പ്രവേശനം സൗജന്യം
ദുബൈ: വിശ്വമേളക്കുവേണ്ടി ഒരുക്കിയ സംവിധാനങ്ങളുടെ 80 ശതമാനവും നിലനിർത്തിയാണ് എക്സ്പോ സിറ്റി സന്ദർശകർക്കായി വീണ്ടും തുറക്കാൻ ഒരുങ്ങുന്നത്. എന്നാൽ, നഗരിയിലേക്ക് പ്രവേശിക്കുന്നതിന് ടിക്കറ്റുണ്ടായിരിക്കില്ല. ചില പവലിയനുകളിലും മറ്റും കയറുന്നതിന് പ്രത്യേക ടിക്കറ്റ് മാത്രമാണുണ്ടാവുക. പ്രവേശനം സൗജന്യമായതിനാൽ പാർക്കുകളിലും മറ്റും പ്രവേശിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും സാധിക്കും. എക്സ്പോ 2020 ദുബൈയിൽ പ്രവേശിക്കാൻ നേരത്തെ പ്രത്യേക ടിക്കറ്റ് വാങ്ങണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.