സംസ്ഥാന സ്കൂൾ കായികമേളയിൽ മാറ്റുരക്കാൻ; യു.എ.ഇയിൽനിന്ന് 26 താരങ്ങൾ
ദുബൈ: മിന്നുംനേട്ടങ്ങളിലേക്ക് ഓടിക്കയറാൻ കൊതിച്ച് യു.എ.ഇ കേരള ബോർഡ് സ്കൂളുകളിലെ കായിക താരങ്ങളായ വിദ്യാർഥികൾ യാത്ര തിരിച്ചു. കോഴിക്കോട് എൻ.ഐ.ടി.യിലും സമീപത്തെ എട്ട് വിദ്യാലയങ്ങളിലുമായി നടക്കുന്ന കേരള സംസ്ഥാന സ്കൂൾ കായികമേളകളിൽ മത്സരിക്കാനായി യു.എ.ഇയിൽനിന്ന് 26 വിദ്യാർഥി കായികതാരങ്ങളാണ് ഏറെ പ്രതീക്ഷകളോടെ കോഴിക്കോട്ടേക്ക് വിമാനം കയറിയത്.
കേരള സിലബസിൽ പഠിക്കുന്ന പ്രവാസി വിദ്യാർഥികൾ സംസ്ഥാനതലത്തിലെ കായിക മികവ് തെളിയിക്കാനുള്ള തയാറെടുപ്പിലാണ്. യു.എ.ഇയിലെ ഗൾഫ് മോഡൽ സ്കൂൾ ദുബൈ, മോഡൽ പ്രൈവറ്റ് സ്കൂൾ അബൂദബി, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ എന്നീ വിദ്യാലയങ്ങളിൽനിന്നുള്ള താരങ്ങളാണ് കായികമേളയിൽ പങ്കെടുക്കുന്നത്.
ചിട്ടയായ തയാറെടുപ്പോടെയും വളരെ പ്രതീക്ഷയോടെയുമാണ് കുട്ടികൾ എന്ന് ഗൾഫ് മോഡൽ സ്കൂൾ കായിക വിഭാഗം മേധാവി സുമേഷ് കുമാർ പറഞ്ഞു. അക്കാദമിക മികവിനൊപ്പം കുട്ടികളുടെ കായികാഭിരുചികൾക്കും തുല്യപ്രാധാന്യം കൊടുക്കുന്നതും പ്രവാസി വിദ്യാർഥികൾക്കും അവസരം ഉണ്ടാകുന്നതും അഭിനന്ദനാർഹമാണെന്ന് അക്കാഡെമിക് ഡയറക്ടർ ഡോ. ഉഷ ഷിനോജ് അഭിപ്രായപ്പെട്ടു.
കേരളഗവണ്മെന്റ് പ്രവാസി വിദ്യാർഥികളെയും ചേർത്തുപിടിക്കുന്നത് മാതൃകാപരമാണെന്ന് സ്കൂൾ വൈസ് പ്രിൻസിപ്പൽ രവിത ചന്ദ്രൻ അഭിപ്രായപ്പെട്ടു. ഏഴുകുട്ടികളും രണ്ട് അധ്യാപകരുമാണ് ഗൾഫ് മോഡൽ സ്കൂൾ ദുബൈയിൽ നിന്നും കായിക മാമാങ്കത്തിൽ മാറ്റുരക്കാൻ നാട്ടിലേക്ക് തിരിക്കുന്നത്. ഏറെ അഭിമാനകരമായ ഇത്തരം വേദികൾ ഇവിടെ വളർന്നുവരുന്ന കുട്ടികൾക്കും പ്രചോദനം പകരുന്നതാണെന്ന് അക്കാഡമിക് വൈസ് പ്രിൻസിപ്പൽ ഹിത റഷീദ് അഭിപ്രായപ്പെട്ടു.
ഏറെ ഉത്സാഹത്തോടെയാണ് മുൻ ദേശീയ കായിക താരം കൂടിയായ പ്രിൻസിപ്പൽ സന്ദീപ് വസിഷ്ഠ് അധ്യാപകർക്കും രക്ഷകർത്താക്കൾക്കും ഒപ്പം വിദ്യാർഥികളെ യാത്രയാക്കിയത്. പ്രവാസി വിദ്യാർഥികൾക്കും കേരളത്തിന്റെ സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ ആദ്യമായി അവസരമൊരുക്കിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.