അബൂദബിയില്‍ ഫാം നടത്തിപ്പില്‍ കര്‍ശന നിബന്ധനകള്‍ ലംഘിച്ചാല്‍ പിഴയും ഭൂമി തിരിച്ചെടുക്കലും
അബൂദബി: എമിറേറ്റില്‍ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ അടക്കമുള്ള ഫാമുകള്‍ വാടകക്ക് എടുക്കുന്നവര്‍ കര്‍ശനമായ നാല് നിബന്ധനകള്‍ പാലിക്കണമെന്ന് അബൂദബി നഗര - ഗതാഗത വകുപ്പ് (ഡി.എം.ടി) മുന്നറിയിപ്പ് നല്കി. ഭൂമിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുന്നതിനും അനുവദിച്ച പ്ലോട്ടുകളുടെ കൃത്യമായ ഉപയോഗം ഉറപ്പാക്കുന്നതിനും വാടകാവകാശം നഷ്ടപ്പെടാനിടയാക്കുന്ന ലംഘനങ്ങള്‍ തടയുന്നതിനുമാണ് പുതിയ ചട്ടങ്ങള്‍. വീഴ്ച വരുത്തുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് കൂടാതെ സ്ഥലം തിരിച്ചെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാടകക്കെടുത്ത ഭൂമി കൃത്യമായി തയാറാക്കി നിശ്ചിത കാലയളവിനുള്ളില്‍ അംഗീകൃത പ്രവര്‍ത്തനം ആരംഭിക്കുക, പ്ലോട്ടിന്റെ വലിപ്പത്തിന് അനുസൃതമായ എണ്ണം കന്നുകാലികളെ പരിപാലിക്കുക, പാട്ടക്കരാറില്‍ പറഞ്ഞിരിക്കുന്ന അളവുകളും അതിരുകളും കര്‍ശനമായി പാലിക്കുക, മാലിന്യങ്ങള്‍ അംഗീകൃത കേന്ദ്രങ്ങളില്‍ മാത്രം സംസ്കരിച്ച് പ്രദേശം വൃത്തിയായി സൂക്ഷിക്കുക എന്നിവയാണ് പ്രധാനപ്പെട്ട നാല് നിബന്ധനകള്‍.
കരാര്‍ പുതുക്കുമ്പോഴും ആവശ്യമായ എണ്ണം മൃഗങ്ങളെ ഫാമില്‍ നിലനിര്‍ത്തണമെന്നും സ്വന്തം ഫാമുകളുടെ പരിപാലനത്തില്‍ വരുത്തേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് വാടകക്കാര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണമെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.
ഫാമുകള്‍ ഉപയോഗിക്കുമ്പോള്‍ അബൂദബിയിലെ നിയമങ്ങളും ആചാരങ്ങളും സംസ്കാരവും കര്‍ഷകര്‍ പാലിക്കണം. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക, ശല്യങ്ങള് ഉണ്ടാക്കാതിരിക്കുക, കരാറുകളില്‍ നിശ്ചയിച്ച അതിരുകള്‍ക്കുള്ളില്‍ മാത്രം പ്രവര്‍ത്തിക്കുക എന്നിവയും നിര്‍ബന്ധമാണ്. ഫാമുകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം മാലിന്യങ്ങള്‍ കൃത്യമായി അംഗീകൃത സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പാട്ടക്കാലാവധി അവസാനിക്കുകയോ കരാര്‍ പുതുക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ ഭൂമിയിലുള്ള എല്ലാ നിര്‍മാണങ്ങളും വേലികളും ഉപകരണങ്ങളും മറ്റും നീക്കം ചെയ്യണം. വാടക ആരംഭിക്കുന്നതിന് മുമ്പുള്ള യഥാർഥ അവസ്ഥയിലേക്ക് പ്ലോട്ട് തിരികെ മാറ്റേണ്ടതാണ്.
അതേസമയം, ഒരേ വാടകക്കാരന്റെ കൈവശമുള്ള അടുത്തടുത്ത കന്നുകാലി കേന്ദ്രങ്ങള്‍ ഒരു പ്ലാനിങ് നിയന്ത്രണങ്ങളും ഇല്ലെങ്കില്‍ ഒന്നിപ്പിച്ച് ഉപയോഗിക്കാന്‍ മുനിസിപ്പാലിറ്റികള്‍ അനുമതി നല്‍കിയേക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ പ്ലോട്ടുകള്‍ ചേര്‍ത്ത് ഒറ്റക്കരാര്‍ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.