ദുബൈ: ദുബൈ, അബൂദബി എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ അതിവേഗ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. വ്യാഴാഴ്ച അൽ ഫയാഹ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അബൂദബി കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ, ദുബൈ ഭരണാധികാരിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിൽ ഇത്തിഹാദ് റെയിൽ ആണ് പദ്ധതി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച അബൂദബി മീഡിയ ഓഫിസ് എക്സ് എകൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ അര മണിക്കൂറിനുള്ളിൽ ദുബൈയിൽ നിന്ന് അബൂദബിയിലെത്താം.
അബൂദബി, ദുബൈ, ഷാർജ, ഫുജൈറ എമിറേറ്റുകളിലായി ആറ് സ്റ്റേഷനുകളാണ് ഉണ്ടാവുക. റീം ഐലന്‍റ്, സഅദിയാത്ത്, യാസ് ഐലന്‍റ്, അബൂബദി സായിദ് അന്താരാഷ്ട്ര വിമാനത്താവളം, ജബൽ അലിയിലെ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ദുബൈയിലെ അൽ ജദ്ദാഫ് എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകൾ. മെട്രോ, ബസ് ലൈനുകളുമായി ഈ സ്റ്റേഷനുകളെ ബന്ധിപ്പിക്കും. ബിസിനസ് ക്ലാസ് ലോഞ്ചുകൾ, ഷോപ്പുകൾ, കുടുംബ സൗഹൃദമായ വിനോദങ്ങൾ എന്നിവും ഇതോടനുബന്ധിച്ച് സജ്ജമാക്കും. യു.എ.ഇയിലെ പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ട്രെയ്ൻ ഒമാൻ അതിർത്തിവരെ സഞ്ചരിക്കും. മെസീറയിലൂടെയും ലിവ മരുഭൂമിയിലൂടെയും കടന്നുപോകുന്ന ട്രെയ്ൻ യാത്രക്കാർക്ക് മനോഹരമായ അനുഭവം സമ്മാനിക്കുതാകും.
ജി.സി.സി രാജ്യങ്ങളിൽ റെയിൽ പദ്ധതി പ്രവർത്തനം ആംഭിക്കുന്നതോടെ ഇത്തിഹാദ് ട്രെയ്ൻ സർവിസ് ജി.സി.സിയിലുടനീളം വ്യാപിപ്പിക്കാനാണ് പദ്ധതി. മണിക്കൂറിൽ 350 കിലോമീറ്ററായിരിക്കും വേഗത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.