ആർ.ഡി.ഐ മേഖലക്ക്​ പുതിയ ദിശാബോധം നൽകാൻ ഇനി ‘നാദ് സബീൽ’

ദുബൈ: ദുബൈയുടെ ഗവേഷണ, വികസന, നൂതന (ആർ.ഡി.ഐ) മേഖലക്ക്​ പുതിയ ദിശാബോധം നൽകാൻ ഇനി ‘നാദ് സബീൽ’ ഫ്യൂച്ചർ കാമ്പസ്. അറിവിന്‍റെ വിശാല വാതായനങ്ങൾ തുറക്കുന്ന പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത്​ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ആഗോളതലത്തിൽ ശാസ്ത്രീയ ഗവേഷണങ്ങളും നൂതന സാങ്കേതികവിദ്യകളും വികസിപ്പിക്കുന്ന പ്രമുഖ കേന്ദ്രമായി ദുബൈയെ മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എ.ഐ, റോബോട്ടിക്സ്, അഡ്വാൻസ്ഡ് ടെക്നോളജി, അർബൻ ടെക്നോളജികൾ, ഹെൽത്ത് ആൻഡ് എൻവയോൺമെന്‍റൽ ടെക്നോളജികൾ തുടങ്ങി സുപ്രധാന മേഖലകളിലെ ഗവേഷണങ്ങൾക്കാവും ഇവിടെ മുൻഗണന നൽകുക. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്‍റെ മേൽനോട്ടത്തിൽ അഞ്ച് വർഷത്തിനകം പദ്ധതിയുടെ നിർമാണം പൂർത്തിയാക്കും.

ദുബൈയിലെ സബീൽ പാർക്കിൽ നിർമിക്കുന്ന കാമ്പസിൽ അത്യാധുനിക ലാബുകൾ, ഗവേഷണ കേന്ദ്രങ്ങൾ, ക്രിയേറ്റീവ് ഇൻക്യുബേറ്ററുകൾ എന്നിവ അടങ്ങിയിരിക്കും. ബുർജ് ഖലീഫ, ദുബൈ അന്താരാഷ്ട്ര ധനകാര്യ കേന്ദ്രം (ഡി.ഐ.എഫ്​.സി), മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, എമിറേറ്റ്സ് ടവേഴ്സ്, ദുബൈ ഫ്രെയിം തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണിത്. യു.എ.ഇയിൽനിന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരെ ഒരുമിപ്പിക്കാൻ ഇതിലൂടെ സാധിക്കും.

ആഗോള സാങ്കേതിക കമ്പനികൾ, സർവകലാശാലകൾ, പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, നിക്ഷേപകർ എന്നിവർക്ക് നാദ് സബീൽ പൊതുവായ പ്ലാറ്റ്‌ഫോമൊരുക്കും. ഭാവി നിയമനിർമാണങ്ങൾക്ക് രൂപം നൽകുന്ന ഏജൻസികൾക്കും മുൻനിര സ്റ്റാർട്ടപ്പുകൾക്കും ഇവിടെ ഇടമുണ്ടാകും. ഓരോ വർഷവും 30,000ലധികം ശാസ്ത്രജ്ഞരും ഗവേഷകരും സംരംഭകരും പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘ദുബൈ സാമ്പത്തിക അജണ്ട -ഡി33’ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ഈ പദ്ധതി. 2033-ഓടെ ദുബൈയുടെ സാമ്പത്തിക വളർച്ച ഇരട്ടിയാക്കാനും ആഗോളതലത്തിൽ ബിസിനസിനുള്ള മികച്ച മൂന്ന് നഗരങ്ങളിലൊന്നായി മാറ്റാനുമുള്ള ലക്ഷ്യത്തെ ശക്തിപ്പെടുത്താൻ നാദ് സബീലിന് കഴിയും. ഉയർന്ന ഭൂപ്രദേശം എന്ന അർഥം വരുന്ന ‘നാദ്’ എന്ന എമിറാത്തി പദത്തിൽ നിന്നാണ് ‘നാദ് സബീൽ’ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്.

Tags:    
News Summary - Nad Sabeel to give new direction to RDI sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.