ഷാർജ പൊലീസ് പിടികൂടിയ വ്യാജ നമ്പർ പ്ലേറ്റുമായി ഓടിയ കാർ
ഷാർജ: വാഹനത്തിൽ വ്യാജനമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഷാർജയിൽ നിരന്തരം ഗതാഗതനിയമലംഘനം നടത്തിയിരുന്ന ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. 137 നിയമലംഘനങ്ങൾക്ക് ഇയാൾ ഒരു ലക്ഷത്തി നാലായിരം ദിർഹം പിഴയടക്കാനുണ്ടായിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഓടിച്ചത്. പിടിയിലായ പ്രതി ഇനി ക്രിമിനൽ കുറ്റത്തിന് കൂടി നടപടി നേരിടേണ്ടി വരും.ഷാർജ പൊലീസിന്റെ കാമറകളിൽ പല കേസുകളിലായി കുടുങ്ങിയ വാഹനമാണിത്. വ്യാജനമ്പർ പ്ലേറ്റ് ഘടിപ്പിച്ച് പൊലീസിനെയും പൊലീസ് കാമറകളെയും കബളിപ്പിക്കാനായിരുന്നു ശ്രമമെങ്കിലും ഒടുവിൽ ഇയാൾ കുടുങ്ങി. പലതരത്തിലുള്ള 137 നിയമലംഘനങ്ങൾ ഇയാൾ റോഡിൽ കാണിച്ചുകൂട്ടിയിരുന്നു.
ഇതിനെല്ലാം ചേർന്ന് 1,0,400 ദിർഹം പിഴയടക്കാനുണ്ടായിരുന്നു. തന്നെയുമല്ല രണ്ടുവർഷത്തിലേറെ വാഹനം പിടിച്ചുവെക്കാനുള്ള നിയമലംഘനങ്ങളും ഇക്കൂട്ടത്തിലുണ്ട്. അറസ്റ്റിലായ ഇയാളെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഷാർജ പൊലീസിന്റെ ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഒമർ മുഹമ്മദ് ബൂ ഗാനിം പറഞ്ഞു. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നതും നമ്പർ പ്ലേറ്റിൽ കൃത്രിമം നടത്തി നമ്പർ മറച്ചുവെക്കുന്നതും ഗതാഗത നിയമലംഘനം മാത്രമല്ല ക്രിമിനൽ കുറ്റം കൂടിയാണെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.