ദുബൈ: ഡിഎം വിംസ് മെഡിക്കൽ കോളജിനും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി ചെലവഴിച്ച തുകയിൽ 250 കോടി രൂപ കേരള സർക്കാറിന് സംഭാവന ചെയ്യുമെന്ന് ഡോ. ആസാദ് മൂപ്പെൻറ കുടുംബം. മെഡിക്കൽ, നഴ്സിങ്, ഫാർമസി കോളജുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഏറ്റെടുക്കുന്നതിലൂടെ പിന്നാക്ക ജില്ലയായ വയനാടിെൻറ ആരോഗ്യ സംരക്ഷണവും മെഡിക്കൽ വിദ്യാഭ്യാസവും മെച്ചപ്പെടുത്താൻ സർക്കാറിനെ പിന്തുണക്കുക എന്നതാണ് നിർദേശത്തിെൻറ ലക്ഷ്യം. സർക്കാർ നിയോഗിച്ച കമ്മിറ്റി മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം, ഇതു സംബന്ധിച്ച അന്തിമ നിബന്ധനകളും വ്യവസ്ഥകളും രൂപപ്പെടുത്തും. പത്ത് വർഷം മുമ്പ് സ്ഥാപിതമായ കോളജിൽ നിന്ന് ഇതിനകം എം.ബി.ബി.എസ് ബിരുദധാരികളുടെ രണ്ട് ബാച്ചുകൾ വിജയകരമായി കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. ചാരിറ്റബിൾ രീതിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജിൽ 150 സീറ്റുകളാണുളളത്.
14 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള സ്ഥാപനങ്ങളിൽ, പ്രാദേശിക സമൂഹത്തെ പരിപാലിക്കുന്നതും, ആരോഗ്യപരിപാലന വിദഗ്ധരെ പരിശീലിപ്പിക്കാൻ സഹായിക്കുന്നതിനുമായി 700 ബെഡ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലും, 100 കിടക്കകളുള്ള സ്പെഷാലിറ്റി ഹോസ്പിറ്റലും, ഒരു ഫാർമസി കോളേജ്്, ഒരു നഴ്സിങ് കോളജ് എന്നിവയും ഉൾപ്പെടുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് പരിമിതികളുളള, 10 ലക്ഷം ജനസംഖ്യയുള്ള മലയോര ഭൂപ്രദേശമെന്ന നിലയിൽ, ജില്ലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഡിഎം വിംസ് മെഡിക്കൽ കോളജ് അതുല്ല്യമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുളളതെന്ന് ഡി.എം.ഇ.ആർ.എഫ് മാനേജിങ് ട്രസ്റ്റി ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. സർക്കാറിന് കീഴിൽ ഒരു പുതിയ മെഡിക്കൽ കോളജ് വരികയാണെങ്കിൽ അതിന് ഈ പ്രദേശത്ത് ഗണ്യമായ നിക്ഷേപം ആവശ്യമാണ്, ഒപ്പം അത് പ്രവർത്തനക്ഷമമാവാൻ കുറഞ്ഞത് 5 വർഷം സമയമെടുക്കുകയും ചെയ്യും.
പിന്നാക്കം നിൽക്കുന്ന മലയോര ഭൂപ്രദേശമായ ജില്ലയിലെ നിർധനരായ ജനങ്ങൾക്ക് ചികിത്സ നൽകുന്നതിനും സംസ്ഥാനത്ത് നിന്ന് നല്ല നിലവാരമുള്ള ഡോക്ടർമാരെ പരിശീലിപ്പിക്കുന്നതിനുമായി ഈ സ്ഥാപനങ്ങളിലെ മൊത്തം നിക്ഷേപത്തിൽ നിന്ന് 250 കോടി രൂപ സർക്കാറിന് സംഭാവന ചെയ്യുമെന്നും ഡോ.മൂപ്പൻ അറിയിച്ചു. ഈ നിർദേശത്തോട് ഉടൻ പ്രതികരിച്ചതിനും, വിശദാംശങ്ങൾ അവലോകനം ചെയ്യാൻ ഒരു കമ്മിറ്റി രൂപവത്കരിച്ചതിനും, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ എന്നിവരോട് നന്ദി പ്രകടിപ്പിക്കുന്നതായും ഡോ.ആസാദ് മൂപ്പൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.