എ​ക്സ്​​പോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഡി​സ്കൗ​ണ്ട്​ കാ​ർ​ഡ്​ വി​ത​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങ്​

എക്സ്പോ തൊഴിലാളികൾക്ക് ആദരവായി ഡിസ്കൗണ്ട് കാർഡ്

ദുബൈ: ലോകം അത്ഭുതത്തോടെ വീക്ഷിച്ച എക്സ്പോ 2020 ദുബൈയുടെ മനോഹരമായ നിർമിതികൾക്ക് പിന്നിൽ വിയർപ്പൊഴുക്കിയ തൊഴിലാളികൾക്ക് ആദരവായി ഡിസ്കൗണ്ട് കാർഡുകൾ വിതരണം ചെയ്തു. 69,000 തൊഴിലാളികൾക്കാണ് ദുബൈയിലെ 60ലധികം കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന പ്രത്യേക ഡിസ്കൗണ്ട് കാർഡ് സമ്മാനിച്ചത്.

ഈ നീല കാർഡ് ഉപയോഗിച്ച് പർച്ചേഴ്സ് ചെയ്യുന്നതിലൂടെ ഓരോ വർഷവും വലിയ സംഖ്യ തൊഴിലാളികൾക്ക് ലാഭിക്കാനാവും. ജോലിയോടുള്ള വിശ്വസ്തതയും പ്രതിബദ്ധതയും വർധിപ്പിക്കാൻ ലക്ഷ്യം വെച്ച് ദുബൈ സർക്കാർ നടപ്പിലാക്കുന്ന 'തഖ്ദീർ' പദ്ധതിയുടെ ഭാഗമായാണ് കാർഡുകൾ നൽകിയത്.

കാർഡുകൾക്ക് അർഹരായ തൊഴിലാളികളെ നാമനിർദേശം ചെയ്തിരിക്കുന്നത് 13 പ്രമുഖ കമ്പനികളും കരാറുകാരും സേവന ദാതാക്കളും ചേർന്നാണ്. പദ്ധതിയിൽ ഉൾപ്പെടുത്തി 1.4ലക്ഷം തൊഴിലാളികൾ നിലവിൽ നീല കാർഡുകൾ ലഭിച്ചിട്ടുണ്ട്. നവംബറിൽ പദ്ധതിയുടെ അഞ്ചാം ഘട്ടം നടപ്പിലാക്കുമെന്നും ഇത് പൂർത്തിയാകുമ്പോൾ ഗുണഭോക്താക്കൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും 'തഖ്ദീർ' സെക്രട്ടറി ജനറൽ ലഫ്. കേണൽ ഖാലിദ് ഇസ്മായിൽ പറഞ്ഞു.

അഭിനന്ദിക്കുക എന്നത് പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നും വികസന പദ്ധതികളിലൂടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ സംഭാവന ചെയ്യുന്നവരെ തിരിച്ചറിയേണ്ടത് ആവശ്യമാണെന്ന വിശ്വാസമാണ് ഇതിലേക്ക് നയിച്ചതെന്നും ഡി.ജി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും പെർമനന്‍റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് ദുബൈ(പി.സി.എൽ.എ) ചെയർമാനുമായ മേജർ ജന. ഉബൈദ് മുഹൈർ ബിൻ സുറൂർ പ്രസ്താവിച്ചു.

തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് 2016ൽ ആരംഭിച്ച പദ്ധതിയാണ് തഖ്ദീർ അവാർഡ്.കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച് ഈ വർഷം മാർച്ച് വരെ നീണ്ട എക്സ്പോ 2020 ദുബൈയുടെ കെട്ടിടങ്ങൾ പുനരുദ്ധരിച്ച് എക്സ്പോ സിറ്റിയായി ഒക്ടോബറിൽ പൂർണമായും സന്ദർശകർക്ക് തുറക്കാനിരിക്കെയാണ്. ഇതിന് മുന്നോടിയായി ഭാഗികമായി സിറ്റി സെപ്റ്റംബറിൽ തുറന്നിട്ടുണ്ട്.

നിലവിൽ അലിഫ്, ടെറ പവലിയനുകളും കറങ്ങുന്ന നിരീക്ഷണ ഗോപുരമായ 'ഗാർഡൻ ഇൻ ദ സ്കൈ'യുമാണ് സന്ദർശിക്കാൻ സാധിക്കുക.

Tags:    
News Summary - Discount card as tribute to expo workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.