ഷാർജ: ലോകമെമ്പാടുമുള്ള 38,000 സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ഡിജിറ്റൽ ലൈബ്രറി ശേഖരം വിപുലീകരിച്ച് ഷാർജ പബ്ലിക് ലൈബ്രറി. ഒാവർ ഡ്രൈവ് എന്ന ഇ വായന പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് 1200 ഇ പുസ്തകങ്ങളും ഒാഡിയോ പുസ്തകങ്ങളും പങ്കുവെക്കുന്നത്. അക്കാദമിക് പുസ്തകങ്ങൾ, ഭാഷ, ശാസ്ത്രം, വൈദ്യശാസ്ത്രം മുതൽ വിനോദ പുസ്തകങ്ങൾ വരെ ഇതിൽ ഉൾക്കൊള്ളുന്നു.
മൊബൈൽ ഫോണുകളും കമ്പ്യൂട്ടറും വഴി ലോകത്ത് എവിടെയിരുന്നും ഷാർജ ലൈബ്രറിയിലെ അറിവിൻ ഖനികൾ പരതാൻ കുട്ടികൾക്ക് അവസരം ലഭിക്കും.
അസംഖ്യം വിദ്യാർഥികളിലേക്കും ഗവേഷകരിലേക്കും വിജ്ഞാന ശേഖരം തുറന്നുവെക്കാൻ കഴിഞ്ഞത് അഭിമാനകരവും സന്തോഷം പകരുന്നതുമാണെന്ന് ഷാർജ പബ്ലിക് ലൈബ്രറി മാനേജർ സാറ അൽ മർസൂഖി പറഞ്ഞു. വിർച്വൽ ലൈബ്രറി കാർഡ് ഉപയോഗിച്ച് ഡിജിറ്റൽ ലൈബ്രറിയിലെ ഇ പുസ്തകങ്ങൾ 14 ദിവസത്തേക്കും ഒാഡിയോ പുസ്തകങ്ങൾ ഏഴു ദിവസത്തേക്കും ഉപയോഗിക്കാം. യു.എ.ഇയിലെ ആദ്യ ഡിജിറ്റൽ ലൈബ്രറിശേഖരത്തിനൊപ്പം പ്രവർത്തിക്കാനായത് ആവേശകരമാണെന്ന് റാകുടെൻ ഒാവർഡ്രൈവ് പ്രസിഡൻറും സി.ഇ.ഒയുമായ സ്റ്റീവ് പൊട്ടാഷ് പറഞ്ഞു. ഷാർജ ലൈബ്രറിയുടെ സേവനങ്ങൾക്കും വിവരങ്ങൾക്കും www.shjlibrary.ae എന്ന സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.